പൊതുമരാമത്ത് വകുപ്പിന് കീഴിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണുകളിൽ വിതരണംചെയ്ത ഓട്ടോമാറ്റിക് മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്താൻ സഹായിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിന്റെ ഗുണനിലവാര പരിശോധന വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവൃത്തി നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തി റോഡ്, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ ഗുണനിലവാര പരിശോധന പൂർത്തീകരിക്കാൻ ലാബിലൂടെ സാധിക്കും. റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മിക്‌സിന്റെ താപനില, ബൈൻഡർ കണ്ടന്റ്, ബിറ്റുമിൻ കണ്ടന്റ് എന്നിവ പരിശോധിക്കാം. ബൈൻ സ കണ്ടന്റ് പരിശോധിക്കുമ്പോൾ മിക്‌സിലെ ബിറ്റുമിൻ,  ജലസാന്നിദ്ധ്യം ഉൾപ്പെടെയുള്ള എല്ലാ ഘടകങ്ങളും പരിശോധിക്കാവുന്നതാണ്. ഇതോടൊപ്പം പ്രവൃത്തി നടക്കുന്ന സ്ഥലത്തു വെച്ച് തന്നെ ഗുണനിലവാര പരിശോധനയുടെ റിപ്പോർട്ട് ലഭ്യമാകും എന്നതും ലാബിന്റെ പ്രത്യേകതയാണ്. പ്രവൃത്തി നടത്തുമ്പോൾത്തന്നെ ആവശ്യമായ മാറ്റങ്ങൾ വരുത്തി തുടർ നടപടികൾ സ്വീകരിക്കാനും ഇതോടെ കഴിയും.

ഓട്ടോമാറ്റിക് ക്വാളിറ്റി ടെസ്റ്റിംഗ് ലാബ് വഴി മൂന്നു റീജിയണുകളിലും നടക്കുന്ന പരിശോധനയുടെ വിവരങ്ങൾ എല്ലാ മാസവും 10നു മുമ്പ് പൊതുമരാമത്ത് സെക്രട്ടറിക്ക് ലഭ്യമാക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.  പരിശോധനകളുടെ വിവരം സെക്രട്ടറി തലത്തിൽ പരിശോധിക്കും. എസ്റ്റിമേറ്റ്, ബില്ലുകൾ എന്നിവ തയാറാക്കുന്നതിനുള്ള പ്രൈസ് സോഫ്റ്റ് വെയർ കൈകാര്യം ചെയ്യുന്നതിനാവശ്യമായ ത്രിദിന പരിശീലനം നടന്നു വരികയാണ്. നവീന സാങ്കേതിക വിദ്യയിലെ ഗുണനിലവാരം ഉറപ്പിച്ച് പ്രവൃത്തികൾ സുതാര്യമായി പൂർത്തീകരിക്കുന്നതിനാവശ്യമായ പരിശീലനം ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർമാരായ അജിത് രാമചന്ദ്രൻ, ഹൈജീൻ ആൽബർട്ട്, എക്‌സിക്യൂട്ടീവ് എൻജിനീയർ പി.എസ്. ജ്യോതീന്ദ്രനാഥ്, പി. ഇന്ദു തുടങ്ങിയവർ പരിശോധനയിൽ മന്ത്രിക്കൊപ്പം പങ്കെടുത്തു.