• സാങ്കേതിക സംവിധാനങ്ങൾ ഉപഭോക്താക്കൾ പ്രയോജനപ്പെടുത്തണം: വൈദ്യുതി മന്ത്രി 

മികച്ച ഉപഭോക്തൃ സേവനം ഉറപ്പു വരുത്താൻ വൈദ്യുതി ബോർഡിൽ നടപ്പാക്കുന്ന സാങ്കേതിക സംവിധാനങ്ങൾ ഉപഭോക്താക്കൾ പൂർണമായും ഉപയോഗപ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. വൈദ്യുതിബിൽ തുക ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് യഥാസമയം നേരിട്ടടയ്ക്കുന്നതിനുള്ള ഇ-പെയ്‌മെന്റ് പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കുന്നതിനും മറ്റും വരും നാളുകളിൽ കൂടുതൽ ആധുനിക സംവിധാനങ്ങൾ ബോർഡ് ആവിഷ്‌കരിക്കേണ്ടിവരും. വലിയ മുതൽമുടക്ക് ആവശ്യമായിവരുമെങ്കിലും ബോർഡിനു നഷ്ടമുണ്ടാകാതിരിക്കാനും ജനങ്ങൾക്ക് മികച്ച സേവനം നൽകാനും ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വൈദ്യുതി ബിൽ തുക ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ട് വരവു വയ്ക്കാൻ സാധിക്കുന്ന അനായാസമായ ഇ-പേയ്‌മെന്റ് പദ്ധതി നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (എൻഎസിഎച്ച്) സംവിധാനം വഴിയാണ് നടപ്പാക്കുന്നത്. നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ ഒരുക്കുന്ന ഈ സംവിധാനത്തിന്റെ സ്‌പോൺസർ ബാങ്കായി കോർപറേഷൻ ബാങ്ക് പ്രവർത്തിക്കുന്നു. ഈ സംവിധാനം നടപ്പാക്കുന്നതിനു മുന്നോടിയായി ഉപഭോക്താക്കൾ ബിൽതുക അക്കൗണ്ടിൽ നിന്നും ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകണം. ഇത് താമസിയാതെ സെക്ഷൻ ഓഫീസുകളിൽ എത്തും. പദ്ധതി വരുന്നതോടെ നിരവധി പ്രയോജനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ബില്ലടയ്‌ക്കേണ്ട അവസാന തിയതിയും മറ്റും ഓർത്തിരിക്കേണ്ട ആവശ്യമില്ല. കണക്ഷൻ വിച്ഛേദിക്കൽ മൂലമുള്ള അസൗകര്യങ്ങൾ, കണക്ഷൻ പുന:സ്ഥാപനത്തിനുള്ള ഫീസ് മുതലായവ ഒഴിവാക്കാൻ കഴിയും. പ്രവാസികൾ, വയോധികർ, ഉദ്യോഗസ്ഥർ തുടങ്ങി കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്തവരുൾപ്പെടെയുള്ള ഉപഭോക്താക്കൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
വൈദ്യുതി ബിൽ തുക അടയ്ക്കുന്നതിനു കെഎസ്ഇബി എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷനും മന്ത്രി ചടങ്ങിൽ സമർപ്പിച്ചു. മൊബൈൽഫോൺ, ടാബ്ലെറ്റ് തുടങ്ങിയ ഉപകരണങ്ങൾ വഴി എവിടെ നിന്നും ഏതു സമയത്തും ഈ ആപ്പ് വഴി വൈദ്യുതി ബിൽ തുക അടയ്ക്കാം. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മേയർ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെഎസ്ഇബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ. ഇളങ്കോവൻ സ്വാഗതം പറഞ്ഞു. കൗൺസിലർ ഐഷാ ബേക്കർ, കെഎസ്ഇബി ഡയറക്ടർ (ഫിനാൻസ്) എൻ.എസ്. പിള്ള, കോർപ്പറേഷൻ ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഗോപാൽ മുരളി ഭഗത്, ഡയറക്ടർമാരായ ഡോ. വി. ശിവദാസൻ, പി. കുമാരൻ തുടങ്ങിയവർ സംബന്ധിച്ചു.