85 -ാമത് ശിവഗിരി തീർഥാടനത്തിന് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനായി ശിവഗിരി മഠത്തിൽ വിവിധ വകുപ്പുദേ്യാഗസ്ഥരുടെ അവലോകന യോഗം നടന്നു. വി. ജോയി എം.എൽ.എയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ ഡോ. കെ. വാസുകിയാണ് യോഗം വിളിച്ചുചേർത്തത്. റോഡ്, ശുദ്ധജലവിതരണം, ക്രമസമാധാനം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ ഈ തീർഥാടനകാലത്ത് നടപ്പാക്കാൻ യോഗം തീരുമാനിച്ചു. 12 വ്യത്യസ്ഥ ഇടങ്ങളിൽ കുടിവെള്ള സംവിധാനം ഏർപ്പെടുത്തും. ഇതിന് പുറമേ സ്ഥിരം സംവിധാനങ്ങൾ വേറെയുമുണ്ടാകും. അലോപ്പതി, ആയുർവേദം, ഹോമിയോ ഈ മൂന്ന് വിഭാഗങ്ങളിലും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. കെ.എസ്.ആർ.ടി.സി കഴിഞ്ഞ വർഷം 80 അധിക സർവീസുകളാണ് നടത്തിയത്. എന്നാൽ ഇക്കുറി നൂറ് അധിക സർവീസുകൾ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. 24 മണിക്കൂറും മുടക്കം കൂടാതെ വൈദ്യുതി നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കെ.എസ്.ഇ.ബി. അറിയിച്ചു. പോലീസ് ഉദേ്യാഗസ്ഥർക്ക് പുറമേ എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി എന്നിവയുടെ സേവനവും അധികമായി ഉപയോഗപ്പെടുത്തും. ബീച്ചിൽ 15 അധിക ഗാർഡുകൾക്ക് കൂടി സുരക്ഷാ ചുമതല നൽകും. തീർഥാടകർക്കുള്ള പ്രാഥമിക സൗകര്യങ്ങൾക്കായി അധിക ശൗചാലയങ്ങൾ മുനിസിപ്പാലിറ്റി ഏർപ്പാടാക്കും. ഈ തീർഥാടനകാലം ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കുമെന്ന് കളക്ടർ പറഞ്ഞു. കുടിവെള്ളക്കുപ്പി ഉൾപ്പെടയുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ അനുവദിക്കില്ല. മാലിന്യനിർമാർജനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ മുനിസിപ്പാലിറ്റി ഏർപ്പെടുത്തും. ഫ്‌ളക്‌സുകളും ഉപയോഗിക്കരുതെന്ന് കളക്ടർ നിർദ്ദേശം നൽകി. ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി, ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി, തീർഥാടന സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമി, തീർഥാടന ജോയിന്റ് സെക്രട്ടറി വിശാലാനന്ദ സ്വാമി, വർക്കല നഗരസഭാ ചെയർപേഴ്‌സൺ സിന്ധു ഹരിദാസ്, വൈസ് ചെയർമാൻ അനിജോ, ആറ്റിങ്ങൽ എ.എസ്.പി ആദിത്യ, വിവിധ വകുപ്പ് ഉദേ്യാഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.