ചെങ്ങന്നൂർ : പ്രളയാനന്തരം അപ്പർകുട്ടനാട് മേഖലയായ മാന്നാർ ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ ഏറെ ബുദ്ധിമുട്ടിയത് കുടിവെള്ളത്തിനാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ മാന്നാറിലെ പൂർവ്വ വിദ്യാർത്ഥികൾ ഒന്നിച്ചു. ഇപ്പോൾ ഈ മേഖലയിലെ 200 കുടുംബങ്ങൾക്ക് ജീവജലം ലഭ്യമാക്കുകയാണ് പൂർവ വിദ്യാർഥി സംഘം.
മാന്നാർ നായർ സമാജം സ്‌കൂളിലെ 2000-2001 വർഷത്തെ സയൻസ് വിദ്യാർത്ഥികളാണ് കുടിവെള്ളവുമായി് രംഗത്തിറങ്ങിയിരിക്കുന്നത്.20 ലിറ്റർ ജലവും ഡിസ്‌പെൻസറും അടങ്ങുന്ന യൂണിറ്റാണ് കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നത്.ജീവജലം-2018 എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.നിയാസ് മാന്നാർ,ദീപു.കെ.ബി,ഏബ്രഹാം തച്ചേരിൽ,പ്രവീൺ,രാജു,പ്രശാന്ത് കുമാർ,എം.ആർ.ജിഷാ സാം,രാഗിയ ഷാജഹാൻ,ജോമോൻ എന്നീ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ജീവജലം പദ്ധതി നടപ്പിലാക്കുന്നത്.മാന്നാറിൽ ജല ക്ഷാമം നേരിടുന്ന മറ്റ് പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് സംഘത്തിന്റെ തീരുമാനം. പാവുക്കര സെന്റ് പീറ്റേഴസ് ദേവാലയത്തിൽ നടന്ന പദ്ധതി ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവ്വഹിച്ചു.ഫാ.ബെനറ്റ്.എം.വി അധ്യക്ഷനായി. മാന്നാർ നായർ സമാജം സ്‌കൂൾ പ്രിൻസിപ്പൽ വി.മനോജ് , മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഘുപ്രസാദ്,ജില്ലാപഞ്ചായത്തംഗം ജോജി ചെറിയാൻ, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ, മാന്നാർ ഗ്രാമപഞ്ചായത്തംഗങ്ങളായ ചാക്കോ കയ്യത്ര,കലാധരൻ,ജോൺ.കെ.പോൾ,അനീഷ് ബാൽ,ഡൊമനിക് ജോസഫ് എന്നിവർ പങ്കെടുത്തു.