ആലപ്പുഴ: ടൂറുപോകാനും ഓണക്കോടി വാങ്ങാനും വീട്ടിൽ നിന്ന് വല്ലപ്പോഴും ലഭിക്കുന്ന പോക്കറ്റ് മണിയുമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്് നൽകിയിരിക്കുകയാണ് ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾ. പുതിയ കണക്കുകകൾ പ്രകാരം 39,11,445 രൂപ പിരിച്ചുനൽകിയിരി്ക്കുകയാണ ജില്ലയിലെ വിദ്യാർഥികൾ.
മുമ്പെങ്ങുമില്ലാത്ത വിധം നവകേരളത്തിന്റെ നിർമിതിക്കായി തങ്ങളാൽ കഴിയുന്ന സഹായം നൽകാൻ ജില്ലയിലെ സർക്കാർ- സ്വകാര്യ സ്‌കൂൾ വിദ്യാർഥികൾ മടികാണിച്ചില്ലെന്ന് ഉദ്യോഗസ്ഥരും അധ്യാപകരും വെളിപ്പെടുത്തുന്നു. കൂട്ടുകാരിൽ പലരും വീടും പാഠപുസ്തകവുമെല്ലാം നഷ്ടപ്പെട്ട് ബുദ്ധിമുട്ടിയതൊക്കെ നേരിട്ട് കണ്ടറിഞ്ഞ വിദ്യാർഥികൾ അവരാൽ കഴിയുന്ന വിധം സാമ്പത്തിക സഹായം എത്തിക്കുകയായിരുന്നു.
ജില്ലയിലെ വിവിധ താലൂക്കുകളിലെ 729 സ്‌കൂളുകളിൽ നിന്നാണ് ഇത്രയും തുക പിരിച്ചെടുത്തിരിക്കുന്നത്. സർക്കാർ സ്‌കൂളിൽ നിന്നുളള വിദ്യാർഥികളൊടൊപ്പം സ്വകാര്യ സ്‌കൂളിലെ വിദ്യാർഥികളും പണം സംഭാവന ചെയ്തിരുന്നു. ചേർത്തല ഗവ.ഗേൾസ് എച്ച്.എസ്.എസാണ് ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്തിരിക്കുന്നത്. 55240 രൂപയാണ് സ്‌കൂളിൽ നിന്ന് സംഭാവന ലഭിച്ചത്.