പത്തനംതിട്ട: സംസ്ഥാന കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന്റെ       അഭ്യര്‍ഥന പ്രകാരം രമണ്‍ മാഗ്‌സസെ അവാര്‍ഡ് ജേതാവും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ പി.സായിനാഥ് റാന്നി, കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. സാമൂഹിക മുന്നേറ്റത്തിനും ഗ്രാമീണ മേഖലകളുടെ പുരോഗതിക്കും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്നത്. ഇന്‍ഡ്യയുടെ മുന്‍ രാഷ്ട്രപതിയായ വി.വി.ഗിരിയുടെ ചെറുമകന്‍ കൂടിയായ സായിനാഥ്      പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ രോദനങ്ങള്‍ സമൂഹത്തിന്റെ മുമ്പിലെത്തിക്കുന്നതിന് നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ്.
റാന്നി താലൂക്കിലെ റാന്നി, അങ്ങാടി, അയിരൂര്‍, കോഴഞ്ചേരി താലൂക്കിലെ ആറന്മുള, തിരുവല്ല താലൂക്കിലെ നെടുമ്പ്രം, കടപ്ര, തോട്ടപ്പുഴശേരി എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. കര്‍ഷകരുമായും കുടുംബശ്രീ പ്രവര്‍ത്തകരുമായും സംവദിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു.
പ്രളയബാധിത മേഖലകളില്‍ രണ്ട് ദിവസം നടത്തിയ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സംസ്ഥാന കുടുംബശ്രീ മിഷനും സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പുല്ലാട്ട്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ മണികണ്ഠന്‍, വി.എസ്.സീമ, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍ എന്നിവരും വിവിധ സ്ഥലങ്ങളില്‍ അദ്ദേഹത്തെ അനുഗമിച്ചു. പത്തനംതിട്ടയ്ക്ക് പുറമേ ആലപ്പുഴ ജില്ലയിലും സായിനാഥ് സന്ദര്‍ശനം നടത്തുന്നുണ്ട്.