വിതരണോദ്ഘാടനം ഗവര്‍ണര്‍ നിർവഹിക്കും
ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന രാജഹംസം, ചലനം പദ്ധതിയുടെ ഭാഗമായി വാഹനങ്ങളുടെ വിതരണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രവര്‍ത്തന സജ്ജമാക്കിയ പകല്‍വീടുകളുടെ താക്കോല്‍ദാനവും ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ മെയ് അഞ്ചിന് വൈകിട്ട് 5.30 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിർവഹിക്കും.
ജില്ലയെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയാണ്. പരിമിതികളെ മറികടന്ന് സ്വാശ്രയ ജീവിതം നയിക്കുന്നതിനും സമൂഹത്തോട് ചേർത്ത് നിർത്താനും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റെടുത്ത പദ്ധതികളാണ് രാജഹംസവും ചലനവും. ഭിന്നശേഷി ജനവിഭാഗങ്ങള്‍ക്ക് സൈഡ് വീലോടു കൂടിയ മുച്ചക്ര വാഹനം നല്‍കുന്നതാണ് രാജഹംസം പദ്ധതി. ഭിന്നശേഷി ജനവിഭാഗങ്ങള്‍ക്ക് ഇലക്ട്രോണിക് വീല്‍ ചെയര്‍ നല്‍കുന്ന പദ്ധതിയാണ് ചലനം.
രാജഹംസം പദ്ധതിയില്‍ 126 മുചക്ര വാഹനങ്ങളും ചലനം പദ്ധതിയില്‍ 72 വീല്‍ ചെയറുകളുമാണ് അര്‍ഹരായവരുടെ കൈകളിലേക്ക് എത്തുക. കഴിഞ്ഞ വര്‍ഷം 95 മുച്ചക്ര വാഹനങ്ങളാണ് നല്‍കിയത്.
ചടങ്ങിൽ ഹൈബി ഈഡന്‍ എം.പി അധ്യക്ഷത വഹിക്കും. ഉമ തോമസ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് , ജില്ലാ കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ്,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹിം,ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി പ്രകാശ് , ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.കെ.ഉഷ, എന്നിവർ പങ്കെടുക്കും