പ്രളയത്തില്‍ കനത്ത നാശം നേരിട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ തുക സ്വരൂപിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. പത്തനംതിട്ട ടൗണ്‍ഹാളില്‍ ചേര്‍ന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ധനസമാഹരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ പണം സ്വരൂപിക്കാന്‍ സാധ്യതയുള്ള ജില്ലയാണ് പത്തനംതിട്ട. പ്രളയത്തിലൂടെ നാടിനുണ്ടായ വലിയ ബുദ്ധിമുട്ടുകള്‍ മനസിലാക്കി പ്രവാസികളും ബിസിനസുകാരും പ്രൊഫഷണലുകളും ഉള്‍പ്പെടെ എല്ലാവരും മനസറിഞ്ഞ് ഉദാരമായി ധനസഹായം നല്‍കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ധനസഹായം നല്കാന് തയാറുള്ള എല്ലാവരും നാടിനു വേണ്ടി മുന്നോട്ടു വരണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, പത്തനംതിട്ട നഗരസഭ ചെയര്മാന് പി.കെ. ജേക്കബ്, കൗണ്‍സിലര്‍മാരായ എ. സഗീര്‍, ദീപു ഉമ്മന്‍, എഡിഎം പി.റ്റി. ഏബ്രഹാം, ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ ശിവപ്രസാദ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.