വയനാട്: പ്രളയാനന്തരം വയനാടന്‍ ഊരുകളിലൂടെ ആദിവാസി യുവതി യുവാക്കള്‍ അടങ്ങുന്ന സംഘത്തിന്റെ ആരോഗ്യ-ശുചിത്വ സന്ദേശയാത്രയായ ‘ശുദ്ധത ഹാഡി’ നാടകം ശ്രദ്ധേയമാകുന്നു. കാട്ടുനായ്ക്ക വായ്‌മൊഴിയില്‍ ശുചിത്വ ഊരു എന്നാണ് ‘ശുദ്ധത ഹാഡി’ യുടെ പൊരുള്‍. ആദിവാസി കൂട്ടായ്മയായ ‘തമ്പ് ‘(സെന്റര്‍ ഫോര്‍ ട്രൈബല്‍ എജ്യുക്കേഷന്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച്), യൂണിസെഫും സംയുക്തമായാണ് ആരോഗ്യ ബോധവല്‍ക്കരണ സന്ദേശ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. മാനന്തവാടി താലൂക്കിലെ എഴുപതോളം ഊരുകളില്‍ ‘ശുദ്ധത ഹാഡി’ അവതരിപ്പിച്ചു. ആദിവാസി കോളനികളെ കൂടാതെ ട്രൈബല്‍ ഹോസ്റ്റലുകളിലും നാടകം അവതരിപ്പിക്കുന്നുണ്ട്.
വയനാട് കൂടാതെ കണ്ണൂര്‍, പാലക്കാട് ജില്ലകളിലും വിത്യസ്ത ആദിവാസി ഭാഷയില്‍ ആരോഗ്യ ശുചിത്വ സന്ദേശ യാത്ര നടക്കുന്നുണ്ടെന്ന് തമ്പ് അദ്ധ്യക്ഷന്‍ രാജേന്ദ്രപ്രസാദ് പറഞ്ഞു. സിനിമ-നാടക കലാകാരനായ അജയ് പനമരം ആണ് ‘ശുദ്ധത ഹാഡി’ക്ക് സാക്ഷാല്‍ക്കാരം നിര്‍വഹിച്ചത്. സജി ബൊമ്മനാണ് വയനാട്ടിലെ സന്ദേശയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. അട്ടപ്പാടിയില്‍ രാമുവും ആറളത്ത് ശശിയും സന്ദേശയാത്രക്ക് നേതൃത്വം നല്‍കുന്നു. സ്‌കൂള്‍തലം മുതല്‍ ബിരുദാനന്തര ബിരുദംവരെയുള്ള ആദിവാസി യുവത്വമാണ് വയനാട്ടില്‍ സന്ദേശയാത്ര നയിക്കുന്നത്.
കവിയായ സുകുമാരന്‍ ചാലിഗദ്ദ, ദിവ്യ, നിഖില, ജാനു, ശാലിനി, ഹരി, കണ്ണന്‍, വിഷ്ണു തുടങ്ങിയ 16 അംഗ ടീമാണ് നാടകം നയിക്കുന്നത്. തനതുഭാഷയിലുള്ള ബോധവല്‍ക്കരണ നാടകം കൂടാതെ തനത് വായ്‌മൊഴി ഗാനങ്ങള്‍, തുടി, ബുരുഡാ, ദവില്‍ എന്നി വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ആരോഗ്യ-ശുചിത്വ സന്ദേശം എത്തിക്കാനാണ് തമ്പ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടത്തില്‍ പോസ്റ്റര്‍ ക്യാമ്പയിന്‍, ഊരുകൂട്ടങ്ങളുടെയുള്ള ക്യാമ്പയിന്‍ എന്നിവ നടത്തും. മേഖലയിലെ തദ്ദേശ സ്വയം ഭരണ സാരഥികള്‍, ആശാപ്രവര്‍ത്തകര്‍, ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ട്രൈബല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദേശയാത്രയുടെ ഭാഗമാകുന്നുണ്ട്. ശുദ്ധത ഹാഡിക്ക് വയനാടന്‍ ഊരുകളില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ആവശ്യപ്പെട്ടാല്‍ മറ്റ് സ്ഥലങ്ങളിലും കലാജാഥ നടത്തുമെന്ന് സംഘം അറിയിച്ചു.