ന്യൂഡൽഹി: മലയാളത്തിന്റെ സുഗന്ധ വ്യഞ്ജനത്തിനും തേനിനും ഡൽഹിയിൽ വൻഡിമാൻഡ്. ഭാരത അന്താരാഷ്ട്ര വ്യാപാരമേളയുടെ കേരള പവിലിയനിലെ വനംവകുപ്പ് ഇൻഫർമേഷൻ ബ്യൂറോയും വനശ്രീയും ചേർന്ന് ഒരുക്കിയിരിക്കുന്ന സ്റ്റാളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
20 ഉത്പന്നങ്ങൾ ഈ സ്റ്റാളിൽ ലഭിക്കും. വൻതേൻ, ചെറുതേൻ, ഏലക്കാ, ഗ്രാമ്പു, തക്കോലം, കുരുമുളക്, കറുവപ്പട്ട, ഞെരിഞ്ഞിൽ എന്നിവയും വാതമുക്തി തൈലം, അലെർജിക്ക് ഉപയോഗിക്കുന്ന ദന്തപാല തൈലം, പുൽത്തൈലം, യുക്കാലി തൈലം അമുക്കരം, നായ്ക്കുരണപ്പരിപ്പ് എന്നിങ്ങനെ സുഗന്ധ വ്യഞ്ജനങ്ങളുടെയും ഔഷധങ്ങളുടെയും നിരതന്നെയുണ്ട്.
കാട്ടിൽ നിന്ന് ആദിവാസികൾ ശേഖരിക്കുന്ന ഉത്പന്നങ്ങളാണ് ഭൂരിഭാഗവും. ഇടനിലക്കാരെ ഒഴിവാക്കുന്നതിന് രൂപീകരിച്ചിരിക്കുന്ന വനസംരക്ഷണ സമിതികൾ മുഖേനയാണ് ശേഖരണവും വില്പനയും നടത്തുന്നത്. വനംവകുപ്പ് പ്രതിനിധിയായിരിക്കും സെക്രട്ടറി. ആദിവാസികളുടെ ഉത്പന്നങ്ങൾക്ക് മികച്ച വില ഇതിലൂടെ ലഭിക്കും. മഞ്ഞളിനും കുരുമുളകിനും ആവശ്യക്കാരേറെയാണ്.
കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ ശുദ്ധത മനസിലാക്കിയിട്ടുള്ള ഉത്തരേന്ത്യക്കാർ ഇവ ധാരാളം വാങ്ങുന്നുണ്ട്. സോറിയാസിസ് ഉൾപ്പെടെ ത്വക്ക് രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ദന്തപാല എണ്ണ കഴിഞ്ഞവർഷത്തെ വ്യാപാരമേളയിൽ വലിയ തോതിൽ വിറ്റു പോയിരുന്നുവെന്ന് വില്പനക്കാർ പറഞ്ഞു. ബോട്ടിലിന്റെ ചിത്രം മൊബൈലിൽ എടുത്ത് സൂക്ഷിച്ചുവച്ച് ചിലർ ഇക്കുറി വാങ്ങാനെത്തിയത് കൗതുകകരമായി. വനസംരക്ഷണ സമിതിയുടെ ഉത്പന്നങ്ങൾ സംസ്ഥാന വനംവികസന കോർപറേഷനാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് 32 വില്പനശാലകളുണ്ട്.