വർക്കല ബ്ലോക്കിനു കീഴിലെ ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിൽ മാതൃകാഭവനങ്ങൾ സൃഷ്ടിക്കുന്നതിനായി രൂപംനൽകിയ ഹരിതഭവനം പദ്ധതിക്കു തുടക്കമായി. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ പ്രേരിപ്പിക്കുകയും കാർഷികസംസ്‌കാരത്തിന്റെ നന്മകൾ നാട്ടിൻപുറത്തിന്റെ മണ്ണിലേക്ക് തിരികെ കൊണ്ടുവരുകയുമാണു പദ്ധതിയുടെ ലക്ഷ്യം.
ജല സംരക്ഷണം, മാലിന്യ സംസ്‌കരണം, ജൈവകൃഷി എന്നിവയാണു ഹരിതഭവനം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കോഴി വളർത്തലും പദ്ധതിയുടെ ഭാഗമാണ്. ഗ്രാമസഭയിലൂടെ തെരഞ്ഞെടുത്ത 40 വീടുകളിലാണു പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പ്രകൃതിസംരക്ഷണത്തോടൊപ്പം സമഗ്ര വികസനവും ഇതിലൂടെ സാധ്യമാകുന്നു.
ഓരോ വീടിനും 23,000 രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.  ഇതിൽ 14,000 രൂപ ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും ചേർന്ന് നൽകും. 9,000 രൂപ ഗുണഭോക്താവ് കണ്ടെത്തണം. പദ്ധതിക്കായി തെരഞ്ഞെടുത്ത വീടുകളിൽ ജല ലഭ്യത ഉറപ്പുവരുത്തുന്നതിനു കിണർ റീച്ചാർജ് ചെയ്തു. ജൈവ കൃഷി പരിപോഷിപ്പിക്കുന്നതിനായി ഗ്രോബാഗ്, പച്ചക്കറി വിത്തുകൾ, വൃക്ഷ തൈകൾ, വളം എന്നിവ പഞ്ചായത്തിൽ നിന്നു വീടുകളിലെത്തിക്കും. വിളയാരോഗ്യ ക്ലിനിക് വഴി സസ്യസംരക്ഷണവും ഉറപ്പാക്കുന്നു. മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടത്തുന്നതിന് വീടുകളിൽ റിങ്, ബക്കറ്റ് കംപോസ്റ്റ് എന്നിവയും നിർമിച്ചു.
സഹജീവികളോട് അനുഭാവവും ഒപ്പം വരുമാനവും ലക്ഷ്യമിട്ടാണു കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമാക്കിയിരിക്കുന്നത്. ഒരുവീടിന് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ സ്വയം ഉൽപ്പാദിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഹരിതഭവനം പദ്ധതി. ഫലപ്രദമായ മാലിന്യ നിർമാർജനവും സുലഭമായ ജല ലഭ്യതയും കൂടിയാവുമ്പോൾ പദ്ധതിയിലുൾപ്പെട്ട വീടുകളെ മാതൃകാഭവനങ്ങളാക്കി മാറ്റാൻ കഴിയും. അതുവഴി നഷ്ടപ്പെട്ടുതുടങ്ങിയ കാർഷികസമൃദ്ധിയും ജൈവ ജീവിതശൈലിയും തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗുണഭോക്താക്കളും ബ്ലോക്ക് പഞ്ചായത്തും.