വയനാട്: കാലവര്‍ഷത്തില്‍ കൃഷിനാശം സംഭവിച്ച് അതിജീവനത്തിനായി പൊരുതുന്ന ജില്ലയിലെ നെല്‍ക്കര്‍ഷകര്‍ക്ക് ഇരുട്ടടിയായി പട്ടാളപ്പുഴുശല്യവും. ഒരു സ്ഥലത്തു പുഴുവിന്റെ ആക്രമണമുണ്ടായാല്‍ പിന്നീട് ആ പ്രദേശം മുഴുവന്‍ വ്യാപിക്കുകയാണ്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ മാത്രമുണ്ടായിരുന്ന പട്ടാളപ്പുഴുവിനെ ജില്ലയില്‍ ആദ്യമായാണ് കാണുന്നതെന്നു കര്‍ഷകര്‍ പറയുന്നു. എടവക ഗ്രാമപഞ്ചായത്തിലെ എള്ളുമന്ദം, കാക്കഞ്ചേരി പെരിഞ്ചോല വയലുകളിലാണ് പുഴുശല്യം വ്യാപകമായി കാണപ്പെട്ടത്. രാത്രികാലങ്ങളിലിറങ്ങുന്ന പുഴുക്കള്‍ നെല്ലിന്റെ തലഭാഗം മുഴുവനായും കടിച്ചുമുറിക്കുകയാണ്. ഇതോടെ നെല്‍ച്ചെടി പൂര്‍ണമായും നശിച്ചുപോവും. നാട്ടിയ ഞാറിലും വിളവെടുക്കാനായ നെല്ക്കതിരിലുമെല്ലാം പുഴുക്കളെ ധാരാളമായി കാണുന്നു. എല്ലാത്തരം ചെടികളെയും പുഴു ആക്രമിച്ച് നശിപ്പിക്കുകയാണ്. പകല്‍ സമയങ്ങളിലിവ മണ്ണിലേക്കിറങ്ങുന്നതിനാല് ഒരുവിധം കീടനാശിനികള്‍ പ്രയോഗിച്ചാലൊന്നും നശിപ്പിക്കാനും കഴിയില്ല. വീര്യം കൂടിയ കീടനാശിനികളാണ് പൊതുവെ ഇത്തരം പുഴുക്കളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ആവശ്യമായ എല്ലാവിധ മുന്‍കരുതലുകളും പാലിച്ച് കൊണ്ടു മാത്രമേ തളിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ഗുരുതര ആരോഗ്യ പ്രശ്നനങ്ങള്‍ക്കു കാരണമാവും. പുഴുവിന്റെ ആക്രമണത്തെ തുടര്‍ന്നു നെല്ലിന് രോഗബാധയുടെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന കര്‍ഷകര്‍ ഉടന്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വ്യാപകമായി പുഴുവിനെ കണ്ടെത്തിയ വയലുകളില്‍ എടവക കൃഷിഭവന് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.
