# ഗാന്ധി ജയന്തി വാരാഘോഷം; സംഘാടക സമിതി രൂപികരിച്ചു

പ്രളയാനന്തര മാലിന്യനിര്‍മ്മാര്‍ജനത്തിന്റെ രണ്ടാംഘട്ടമായി ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരാഘോഷം ജില്ലയില്‍ നടത്താന്‍ തീരുമാനിച്ചു. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ നേതൃത്വത്തിലാണ് ഒക്ടോബര്‍ രണ്ടു മുതല്‍ ആറുവരെ ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിക്കുന്നത്. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ അദ്ധ്യക്ഷനായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ രക്ഷാധികാരിയായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് എന്‍. സതീഷ്‌കുമാര്‍ കണ്‍വീനറായും സംഘാടക സമിതി രൂപികരിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, പോലിസ് വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും ഹരിതകേരള മിഷന്‍, ശുചിത്വമിഷന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍മാരും, സ്‌കൗട്ട് ആന്റ് ഗൈഡ്, എന്‍.സി.സി, എന്‍.എസ്.എസ്, ഗാന്ധിയന്‍ സംഘടനകളും യുവജന ക്ലബ്ബുകളും സന്നദ്ധ സംഘടനകളും സമിതി അംഗങ്ങളാണ്.
സെപ്റ്റംബര്‍ 30-ന് പഞ്ചായത്ത് തലത്തില്‍ മാലിന്യശേഖരണം നടത്തി ഒക്ടോബര്‍ രണ്ടിന് രണ്ടാംഘട്ട പ്രഖ്യാപനവും സെമിനാറും നടത്തും. പഞ്ചായത്ത് തലത്തില്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തി റിപോര്‍ട്ട് അവതരിപ്പിക്കാനും ആലോചിക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ യോഗം ചേരാനും തീരുമാനമായി. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ മാസവും 30-ാം തിയ്യതി മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കമെന്ന നിര്‍ദേശം ഹരിതകേരള മിഷന്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് ഫ്രീ വയനാട് യാഥാര്‍ഥ്യമാക്കാന്‍ എല്ലാവിഭാഗം ആളുകളുമായും ചര്‍ച്ച നടത്തുമെന്നും പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കു പകരം ബദല്‍ സംവിധാനങ്ങള്‍ പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. മാലിന്യശേഖരണ കേന്ദ്രം (എം.സി.എഫ്) അവശേഷിക്കുന്ന പഞ്ചായത്തുകളില്‍ കൂടി സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മാലിന്യശേഖരണത്തിന് കുടുംബശ്രീയുടെ സഹകരണം ഉറപ്പാക്കും. ഹരിതകര്‍മസേനകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കുടുംബശ്രീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി 7,500 വീടുകളില്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ പ്രളയാനന്തര സര്‍വേ നടത്തും. ഒക്ടോബര്‍ 13-ന് ലോക ദുരന്തനിവാരണ ദിനത്തില്‍ സര്‍വേ റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. കൂടാതെ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഗ്രന്ഥശാലകള്‍ക്കായി സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ പുസ്തകങ്ങള്‍ ശേഖരിക്കും. പ്രളയത്തെ തുടര്‍ന്ന് ക്ലാസുകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ക്ലാസുകള്‍ നല്‍കും.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് എന്‍. സതീഷ്‌കുമാര്‍, എ.ഡി.സി പി.സി മജീദ്, ഡെപ്യൂട്ടി ഡി.എം.ഒ നൂന മര്‍ജ, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി.എന്‍ ബാബു, ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഗാന്ധിയന്‍ – യുവജന – സന്നദ്ധ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.