വയനാട്: കാലവര്‍ഷക്കെടുതിയില്‍ പശുക്കള്‍ നഷ്ടമായതോടെ ജീവിതമാര്‍ഗം നിലച്ച രണ്ടു കുടുംബങ്ങള്‍ക്ക് ആശ്വാസവുമായി ‘ഡൊണേറ്റ് എ കൗ’ പദ്ധതി. കല്‍പ്പറ്റ ക്ഷീരവികസന വിഭാഗത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മേരിക്കും സീനമോള്‍ക്കും ഓരോ പശുക്കളെ ലഭിച്ചത്. പനമരം പഞ്ചായത്തിലെ മാതോത്തുപൊയിലില്‍ പ്രളയത്തില്‍ എടയാട്ടില്‍ മേരിക്ക് അഞ്ചു പശുക്കളാണ് നഷ്ടപ്പെട്ടത്. ഭര്‍ത്താവ് മരിച്ച ഇവരുടെ ഏക വരുമാന മാര്‍ഗം പശുവളര്‍ത്തലായിരുന്നു. ഒഴുക്കില്‍പ്പെട്ട ഒരു പശുവിനെ തിരികെ കിട്ടിയെങ്കിലും പിന്നീട് അതും ചത്തു. ഗുജറാത്ത് ഡെയറി സയന്‍സ് കോളജില്‍ 1995-ല്‍ പഠിച്ചിറങ്ങിയ മലയാളികളാണ് മേരിക്ക് പശുവിനെ സംഭാവന ചെയ്തത്. പനമരത്തെ സീനമോളുടെ കുടുംബത്തിനും പശുവളര്‍ത്തലായിരുന്നു പ്രധാന വരുമാനം. ഭര്‍ത്താവും രണ്ടു കുട്ടികളുമടങ്ങുന്നതാണ് കുടുംബം. വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ കാലികളെ മാറ്റിക്കെട്ടിയ സ്ഥലത്തും വെള്ളം കയറി. കഴുത്തോളം വെള്ളത്തില്‍ നിന്ന മിണ്ടാപ്രാണികളുടെ കയര്‍ നാവികസേനയുടെ സഹായത്തോടെ മുറിച്ചുവിട്ടെങ്കിലും ചത്തു. ഒരു പോത്തും ചത്തു. വീടും നഷ്ടമായി. താല്‍ക്കാലികമായി നിര്‍മ്മിച്ച വീട്ടിലാണ് താമസം. നഷ്ടങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇതുവരെയും കുടുംബത്തിനു കഴിഞ്ഞിട്ടില്ല. ഗുജറാത്ത് സ്വദേശിയായ വീരന്‍ മജിത്യയാണ് ഇവര്‍ക്ക് പശുവിനെ നല്‍കിയത്. ഇരുവര്‍ക്കും സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് എന്നിവര്‍ ചേര്‍ന്ന് പശുക്കളെ നല്‍കി. ‘ഡൊണേറ്റ് എ കൗ’ പദ്ധതിപ്രകാരം ഇതുവരെ എട്ടു പശുക്കളെ സൗജന്യമായി ജില്ലയില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞതായി ക്ഷീരവികസന ഓഫിസര്‍ വി.എസ് ഹര്‍ഷ പറഞ്ഞു. എം.എ ചാക്കോ, ബേബി തോമസ്, ഹരിദാസന്‍ സംസാരിച്ചു.
