വയനാട് വനംവകുപ്പിന്റെ തടസങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന വണ്ടിക്കടവ് – ചാമപ്പാറ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമാവുന്നു. പുല്‍പ്പള്ളി – മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ അതിര്‍ത്തി മേഖലയിലൂടെ കടന്നുപോവുന്ന റോഡിന് മുന്‍ എം.എല്‍.എ പി. കൃഷ്ണപ്രസാദിന്റെ കാലത്ത് ഫണ്ട് അനുവദിച്ചുവെങ്കിലും വനംവകുപ്പിന്റെ തടസം മൂലം മുടങ്ങുകയായിരുന്നു. തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ സമരങ്ങള്‍ക്കൊടുവിലാണ് റോഡ് ഇന്റര്‍ലോക്ക് പതിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയത്. വണ്ടിക്കടവ് മുതല്‍ ചാമപ്പാറ വരെയുള്ള രണ്ടര കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ ഇന്റര്‍ലോക്ക് പതിച്ച് നന്നാക്കാന്‍ അനുമതി. ഒരു കോടി 92 ലക്ഷം രൂപ ചെലവിലാണ് ആദ്യഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നത്. ഡിസംബര്‍ മുപ്പതിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് വനംവകുപ്പിന്റെ നിര്‍ദേശം. നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും. ഇതിനായി സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് അംഗം വര്‍ഗീസ് മുരിയന്‍കാവില്‍ കണ്‍വീനറുമായാണ് സ്വാഗതസംഘം രൂപീകരിച്ചിരിക്കുന്നത്.