പ്രളയാനന്തരം വയനാട് ജില്ലയില്‍ വിവിധ എന്‍.ജി.ഒകള്‍ നടത്തിയ തുടര്‍പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. സിബി വര്‍ഗീസ്, ദാരിദ്ര ലഘൂകരണ വിഭാഗം ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ ഫ്രാന്‍സിസ് ചക്കനാത്ത്, യൂനിസെഫ് പ്രതിനിധികള്‍, വിവിധ എന്‍.ജി.ഒ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിലവിലെ സമയ പരിധിക്കുള്ളില്‍ എന്‍.ജി.ഒകള്‍ ഏറ്റെടുത്ത പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. നിലവിലെ സാഹചര്യത്തില്‍ താത്ക്കാലിക അഭയകേന്ദ്രങ്ങള്‍ക്കു പകരം സ്ഥിരമായുപയോഗിക്കാന്‍ കഴിയുന്ന വീടുകള്‍ നിര്‍മ്മിക്കുന്നത് പരിഗണിക്കണം. പൊതു ആവശ്യങ്ങളായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ സ്വകാര്യ ഭൂമിയല്ലെന്ന് ഉറപ്പു വരുത്തുകയും വേണം. ധനസഹായം നേരിട്ട് എന്‍.ജി.ഒകള്‍ വിതരണം ചെയ്യാന്‍ പാടില്ല. അത്തരം ഗുണഭോക്താകളെ കണ്ടെത്തി ജില്ലാ ഭരണകൂടത്തെ അറിയിക്കണം. മാവോയിസ്റ്റ് സാന്നിദ്ധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്ന എന്‍.ജി.ഒ കള്‍ വിശദമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രളയത്തിനു ശേഷം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന എന്‍.ജി.ഒ കളുടെ രണ്ടാമത്തെ യോഗമായിരുന്നിത്. അടുത്ത ഘട്ടത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. ചില മേഖലകളില്‍ പ്രളയത്തിനു ശേഷം തൊഴിലില്ലാത്ത അവസ്ഥയുണ്ടായതായി എന്‍.ജി.ഒകള്‍ സൂചിപ്പിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് തുടര്‍പ്രവര്‍ത്തനങ്ങളില്‍ ജോലി സാധ്യത കൂടി പരിശോധിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലും സഹായ വിതരണത്തിലും ഇരട്ടിപ്പുണ്ടാകുന്നത് ഒഴിവാക്കാന്‍ എന്‍.ജി.ഒകള്‍ തമ്മില്‍ ആശയവിനിമയം നടത്തണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. വിവിധ എന്‍.ജി.ഒകള്‍ ഇതുവരെ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും ചെയ്യാന്‍ ആലോചിക്കുന്ന പ്രവൃത്തികളും ജില്ലാ കളക്ടറുടെ മുമ്പാകെ അവതരിപ്പിച്ചു. ഗുണഭോക്താകളെ കണ്ടെത്തുന്നതിന് വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹായം തേടണം. വീടുനഷ്ടപ്പെട്ട ഗുണഭോക്താകളെ കണ്ടെത്താന്‍ ലൈഫ് മിഷനുമായി സഹകരിച്ച് മുന്നോട്ടു പോകാനും എന്‍.ജി.ഒകള്‍ക്കു നിര്‍ദ്ദേശം നല്‍കി.
