വയനാട്: പ്രളയക്കെടുതിയില്‍പ്പെട്ടവരുടെ വായ്പകള്‍ക്ക് ബാങ്കുകള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ നേരിട്ട് അപേക്ഷിക്കണം. വായ്പ എടുത്ത ബാങ്കിലാണ് അപേക്ഷ നല്‍കേണ്ടത്. കാര്‍ഷിക വായ്പകള്‍, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പകള്‍ എന്നിവയുടെ തിരിച്ചടവിന് ഒരുവര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പകളുടെ പുനക്രമീകരണം, പുതിയ വായ്പകള്‍ എന്നിവയും ലഭ്യമാണ്. അപേക്ഷകര്‍ എത്രയും വേഗം അതാതു ബാങ്കുമായി ബന്ധപ്പെടണം. അപേക്ഷിക്കുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവുക. ചെറിയ കാലാവധിക്കുള്ള കാര്‍ഷിക വായ്പകളുടെ തിരിച്ചടവ് അഞ്ചുവര്‍ഷം വരെ ദീര്‍ഘിപ്പിക്കാനുള്ള സൗകര്യം ലഭിക്കും. ഇതില്‍ ആദ്യത്തെ ഒരു വര്‍ഷം മൊറട്ടോറിയത്തിന്റെ പരിധിയില്‍ വരും. ഇതിനാല്‍ തുടര്‍ന്നുള്ള നാലുവര്‍ഷം കൊണ്ട് വായ്പ തിരിച്ചടച്ചാല്‍ മതിയാവും. ലഘു ചെറുകിട വ്യവസായങ്ങള്‍ക്കായി എടുത്തിരിക്കുന്ന വായ്പകളുടെ തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറട്ടോറിയം ബാധകമാണ്. എന്നാല്‍, വായ്പയെടുത്തു തുടങ്ങിയ വ്യവസായ സ്ഥാപനങ്ങള്‍ വെള്ളപ്പൊക്ക ബാധിതമാണെന്നു ബന്ധപ്പെട്ടവര്‍ പരിശോധിച്ച് ബോധ്യപ്പെടണം. ഇതിനും ബാങ്കുകളില്‍ അപേക്ഷ നല്‍കണം. പ്രളയം ബാധിച്ച മേഖലകളില്‍ പുതിയ വായ്പകള്‍ക്കുള്ള അപേക്ഷകളില്‍ ഉടന്‍ തീര്‍പ്പാക്കാനാണ് നിര്‍ദേശം. വയനാടിനെ പ്രളയബാധിത ജില്ലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ജൂലൈ 31നു ശേഷമാണ്. ആയതിനാല്‍ പ്രസ്തുത തിയ്യതിക്ക് ശേഷം തിരിച്ചടവ് മുടങ്ങിയ വായ്പകള്‍ക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.