ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍.കെ.എല്‍.എസ് (റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം) പദ്ധതിയുടെ ഭാഗമായി അപേക്ഷകള്‍ വിവിധ ബാങ്കുകള്‍ക്ക് കൈമാറാന്‍ തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ 10,000 രൂപ ദുരിതാശ്വാസത്തിന് അര്‍ഹരായവര്‍ക്ക് വീടുകളില്‍ അടിസ്ഥാന സൗകര്യങ്ങളും ജീവനോപാധികളുമൊരുക്കുന്നതിനാണ് വായ്പ നല്‍കുന്നത്. ഒരു കുടുംബത്തിന് പരമാവധി ഒരു ലക്ഷം രൂപയാണ് വായ്പ ലഭിക്കുക. ആദ്യ ഘട്ടത്തില്‍ കുടുംബശ്രീയില്‍ അംഗത്വമുള്ള കുടുംബങ്ങള്‍ക്കാണ് തുക നല്‍കുന്നത്.
ആകെ ധനസഹായത്തിന് അര്‍ഹരായ 7,265 പേരില്‍ കുടുംബശ്രീ അംഗത്വമുള്ള ദുരിതബാധിതരുടെ എണ്ണം 5,945 ആണ്. സി.ഡി.എസുകളില്‍ 2,859 പേരാണ് ഇതുവരെ അയല്‍ക്കൂട്ടം വഴി ആര്‍.കെ.എല്‍.എസ് വായ്പക്കായി അപേക്ഷിച്ചിട്ടുള്ളത്. വായ്പ ആവശ്യമുള്ള അംഗങ്ങള്‍ നിശ്ചിത അപേക്ഷാ ഫോറം പൂരിപ്പിച്ച് അയല്‍ക്കൂട്ടത്തിനു നല്‍കണം. അയല്‍ക്കൂട്ടം യോഗം ചേര്‍ന്ന് അംഗത്തിന്റെ തിരിച്ചടവ് ശേഷി കൂടി പരിഗണിച്ച് ഒരു ലക്ഷം രൂപയില്‍ നിന്ന് അയല്‍ക്കൂട്ട വായ്പാ തുകയില്‍ നിലവിലുള്ള ബാധ്യത കഴിച്ച് ബാക്കിയുള്ള തുക വായ്പയായി അനുവദിക്കുന്നതിന് എ.ഡി.എസ് ശുപാര്‍ശ ചെയ്യും. എ.ഡി.എസ് ശുപാര്‍ശ പരിഗണിച്ച് സി.ഡി.എസ് തങ്ങളുടെ ശുപാര്‍ശ സഹിതം അയല്‍ക്കൂട്ടത്തിന്റെ അക്കൗണ്ടിലേക്ക് വരവ് വയ്ക്കും. തുടര്‍ന്ന് അയല്‍ക്കൂട്ടം അര്‍ഹരായ അപേക്ഷകര്‍ക്ക് തുക കൈമാറും. നിലവിലുള്ള ബാധ്യത കഴിച്ച് പരമാവധി 10 ലക്ഷം രൂപയാണ് ഒരു സി.ഡി.എസിന് അനുവദിക്കുക. ഒമ്പതു ശതമാനമാണ് സര്‍ക്കാര്‍ അംഗീകരിച്ച പലിശനിരക്ക്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു സബ്സിഡിയായി അയല്‍ക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.
വായ്പക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി തീരുന്ന മുറയ്ക്ക് മുതലും പലിശയും ചേര്‍ത്തുള്ള തുകയ്ക്കുള്ള പ്രതിമാസ ഗഡു ഗുണഭോക്താവ് അടച്ചുതുടങ്ങണം. 36 മുതല്‍ 48 മാസം വരെയാണ് തിരിച്ചടവിന്റെ കാലാവധി. വായ്പയ്ക്കുള്ള അപേക്ഷ പരിശോധിക്കുന്നതോടൊപ്പം അപേക്ഷകരുടെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വസ്തുനിഷ്ഠമായ പഠനം നടത്തുന്നതിനും ഇവരുടെ മുന്‍കാല തിരിച്ചടവ്, നിലവിലെ ബാധ്യത കഴിച്ചുള്ള തുക എന്നിവ സംബന്ധിച്ച കണക്കെടുപ്പ് നടത്തുന്നതിനും അയല്‍ക്കൂട്ടങ്ങള്‍ ശ്രദ്ധിക്കണം. വായ്പക്ക് പുറമെ ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയില്‍ ഇവ ലഭ്യമാക്കുന്നതിന് പ്രത്യേക വിപണനമേളകളും സംഘടിപ്പിക്കും. ഇതിനായി നഷ്ടപ്പെട്ട ഉപകരണങ്ങളുടെ ലിസ്റ്റ് ശേഖരിച്ച് നിര്‍മ്മാതാക്കളുമായി സംസ്ഥാന മിഷന്‍ പ്രത്യേക ചര്‍ച്ച നടത്തും. പരമാവധി 50 ശതമാനം വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ശ്രമിക്കുന്നത്. അടുക്കള ഉപകരണങ്ങള്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍, കിടക്ക, കട്ടില്‍, മറ്റ് ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയെല്ലാം ഒരു കേന്ദ്രത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.