കാല്‍വരിമൗണ്ട് ടൂറിസം മേഖലയിലെ അനധികൃത കയ്യേറ്റങ്ങള്‍ സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. റവന്യു രേഖകള്‍ പ്രകാരമുള്ള കാല്‍വരിമൗണ്ട് ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡ് പുറമ്പോക്ക് അനധികൃതമായി കയ്യേറി റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിര്‍മ്മിച്ച് വര്‍ഷങ്ങളായി കൈവശം വച്ചുകൊണ്ടിരുന്ന മൂന്ന് സ്വകാര്യവ്യക്തികളില്‍ നിന്നാണ് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചത്. അഞ്ചോളം പേരാണ് പ്രദേശത്ത് ഭൂമി കയ്യേറിയതായി ആദ്യ പട്ടികയില്‍ കണ്ടെത്തിയത്. തുടര്‍ന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്ന് സബ് കളക്ടര്‍ പറഞ്ഞു.
കാല്‍വരിമൗണ്ട് ടൂറിസം കേന്ദ്രത്തിലേക്കുള്ള വഴി അനധികൃത റിസോര്‍ട്ടുകള്‍ കയ്യേറിയതോടുകൂടി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്രാസൗകര്യം പരിമിതപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചത്. 0.3877 ഹെക്ടര്‍ (96 സെന്റ്) ഭൂമിയാണ് റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചത്. കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയായിരുന്നു നടപടി. ഇടുക്കി താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ മിനി കെ ജോണ്‍, കാമാക്ഷി പഞ്ചായത്ത് സെക്രട്ടറി എം വിജയന്, തങ്കമണി വില്ലേജ് ഓഫീസര്‍ രാജേഷ് കെ ആര് എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്കി.