പ്രളയദുരിതാശ്വാസത്തിനും, നവകേരള നിര്‍മ്മിതിക്ക് ധനസമാഹരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ഈ മാസം 15 ലേക്ക് മാറ്റി വച്ചു. പതിനഞ്ചാം തിയതി ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ വേദിയില്‍ നറുക്കെടുപ്പ് നടത്തും. നവകേരള ഭാഗ്യക്കുറി ഈ മാസം മൂന്നിന് നറുക്കെടുക്കാനാണ് നിശ്ചയിച്ചിരുന്നത്.
ലാഭം പൂര്‍ണമായും ദുരിതാശ്വാസത്തിനും നവകേരള നിര്‍മ്മിതിക്കുമായി സംഭാവന ചെയ്യാന്‍ ഉദ്ദേശിച്ചുള്ള നവകേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്ക് ലഭിക്കും. രണ്ടാം സമ്മാനം 5000 രൂപ വീതം 100800 പേര്‍ക്കും ലഭിക്കും. 250 രൂപയാണ് ടിക്കറ്റ് വില. മറ്റ് ഭാഗ്യക്കുറികളില്‍ നിന്നും വ്യത്യസ്തമായി ഭാഗ്യക്കുറി ഏജന്റുമാര്‍ക്ക് പുറമേ രാഷ്ട്രീയ, സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍, സര്‍വീസ് സംഘടനകള്‍, റസിഡന്റ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, കോളേജ് പി.ടി.എകള്‍, ഗ്രന്ഥശാലകള്‍, കുടുംബശ്രീ സംഘടനകള്‍, വ്യക്തികള്‍, മറ്റ് കൂട്ടായ്മകള്‍ തുടങ്ങിയവര്‍ക്ക് നവകേരള ഭാഗ്യക്കുറി വില്പനക്കായി താത്കാലിക ഏജന്‍സി ലഭിക്കും. ഇതിന് തിരിച്ചറിയല്‍ രേഖയുമായി അടുത്തുള്ള ഭാഗ്യക്കുറി ജില്ലാ/സബ് ഓഫീസില്‍ ബന്ധപ്പെടുക. താത്കാലിക ഏജന്‍സി നല്‍കുന്നതിനായി പ്രത്യേക കൗണ്ടര്‍ എല്ലാ ഭാഗ്യക്കുറി ഓഫീസിലും സജ്ജീകരിച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ക്ക് 25 ശതമാനം ഏജന്‍സി ഡിസ്‌കൗണ്ടും ലഭിക്കും. ഇതേവരെ 1990 താത്കാലിക ഏജന്‍സികള്‍ നവകേരള ഭാഗ്യക്കുറി വില്പനക്കായി നല്‍കിയിട്ടുണ്ട്. ഇതിലൂടെ മാത്രം നാല് ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു.