മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികാചരണചടങ്ങില്‍ ആശംസാപ്രസംഗം നടത്താനെത്തിയ ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസ് വയലാര്‍രാമവര്‍മ രചിച്ച കര്‍മയോഗി എന്ന ഗാന്ധിക്കവിത ആലപിച്ച് ഗാന്ധിക്ക് പ്രണാമമര്‍പ്പിച്ചു. പ്രണവമന്ത്രമായ ഓം മൂവുരു മൂളിയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. അ,ഉ,മ് എന്നീ മൂന്ന്
്സ്വരങ്ങളുടെ സംഗമമാണ് ഓം എന്ന പ്രണവാക്ഷരം. ഇത് ശബ്ദത്തിന്റെ തുടക്കമാണ്. ഇത് ഒരു മതത്തിന്റെയും സ്വന്തമായ വാക്കല്ല. ഒരു ശിശു അമ്മ എന്ന് ഉച്ചരിക്കുന്നത് ഈ സ്വരങ്ങളെ സംഗമിപ്പിച്ചാണെന്നും ഗാന്ധിജിയെക്കുറിച്ച് സംസാരിക്കുന്നതിനേക്കാള്‍ അദ്ദേഹത്തെക്കുറിച്ച് രചിക്കപ്പെട്ട ഒരു കവിതാഭാഗം ആലപിക്കുന്നതാണ് ഉചിതമെന്നും തോന്നുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശുഷ്‌കമെങ്കിലും മംഗളാനുഗ്രഹ ശുഷ്‌കമായ വലംകൈവിരലുകള്‍ ആ യതീശ്വരന്‍ കൈറാട്ടില്‍ നിന്നെടുത്തായിരങ്ങള്‍ക്കു ഭവ്യം പകരവേ, അമ്മ കോള്‍മയിര്‍ക്കൊണ്ടു, മകന്നെഴും കര്‍മ സിദ്ധിയില്‍, ത്യാഗമഹിമയില്‍… എന്നുതുടങ്ങുന്ന എട്ടു വരികള്‍ക്കാണ് യേശുദാസ് ശബ്ദവും ഈണവും പകര്‍ന്നത്.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച പ്രണാമം എന്ന മഹാത്മാഗാന്ധിയെക്കുറിച്ചുള്ള മലയാള കവിതകളുടെ സമാഹാരത്തിലുള്ളതാണ് ഈ കവിത.