കണ്ടശ്ശാങ്കടവ് ജലോത്സവം – കേരള സർക്കാർ ചീഫ് മിനിസ്റ്റേഴ്സ് എവർ റോളിങ് ട്രോഫി രണ്ടോണ നാളായ ആഗസ്റ്റ് 30ന് നടക്കും. മണലൂർ – വാടാനപ്പിള്ളി ഗ്രാമപഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിലാണ് കണ്ടശ്ശാങ്കടവ് വള്ളംകളി സംഘടിപ്പിക്കുന്നത്.

ജലോത്സവത്തോടനുബന്ധിച്ച് വടംവലി, ഗാനമേള, പഞ്ചഗുസ്തി മത്സരം, ചെസ്സ് മത്സരം, ഫുഡ് ഫെസ്റ്റ്, വാട്ടർ ഷോ, നീന്തൽ മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും.

തൃശൂർ പൂരം കഴിഞ്ഞാൽ ജനലക്ഷങ്ങളെ ആകർഷിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ മഹോത്സവമാണ് കണ്ടശ്ശാങ്കടവ് ജലോത്സവം. 1956ൽ കേരളപിറവി ദിനത്തോടനുബന്ധിച്ച് രണ്ട് ചുരുളൻ വള്ളങ്ങളുടെ മത്സരത്തോട് കൂടിയാണ് കണ്ടശ്ശാംകടവ് ജലോത്സവത്തിന് തുടക്കം കുറിച്ചത്.

1982 ൽ കണ്ടശ്ശാംകടവ് ജലോത്സവം ടൂറിസം മാപ്പിൽ സ്ഥാനം പിടിക്കുകയും ചെയ്തു. ഇന്ത്യൻ നാവിക സേനയുടെ ഹെലികോപ്റ്ററിലുള്ള സാഹസിക പ്രകടനങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികളോടുകൂടി നടന്നിരുന്ന ഈ ജലോത്സവം 2011 ൽ കേരള സർക്കാർ ചീഫ് മിനിസ്റ്റേഴ്സ് എവർറോളിങ് ട്രോഫിയായി അംഗീകരിച്ചു. കേരളത്തിൽ മുഖ്യമന്ത്രിയുടെ പേരിൽ അറിയപ്പെടുന്ന ഏക ജലോത്സവമാണ് കണ്ടശ്ശാങ്കടവിലേത്.

ജലോത്സവം 2023 സംഘാടക സമിതി യോഗം കാരമുക്ക് കുറ്റൂക്കാരൻ ഹാളിൽ വെച്ച് മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് അധ്യക്ഷത വഹിച്ചു.

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എൻ സുർജിത്ത്, മുൻ മണലൂർ പഞ്ചായത്ത് പ്രസിഡന്റ് പി ടി ജോൺസൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.