സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിൽ എത്തിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കാലടി ശ്രീശങ്കര കോളേജിൽ അലുമിനി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാങ്ക് ജേതാക്കളെ ആദരിക്കുന്ന ചടങ്ങും ആഗമാനന്ദ സ്വാമിയുടെയും ആദിശങ്കര ട്രസ്റ്റ് മുൻ മാനേജിങ് ഡയറക്ടർ ഡോ.ബി.എസ് കൃഷ്ണന്റെയും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റത്തിനാണ് ഇപ്പോൾ നമ്മൾ സാക്ഷ്യം വഹിക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും അതുവഴി അക്കാദമിക മികവ് ഉയർത്തുകയും ചെയ്തു. അതിന്റെ തുടർച്ചയെന്നോണം ഉന്നത വിദ്യാഭ്യാസ മേഖലയെയും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി നവീകരിച്ചു വരികയാണ്.

ആയിരം കോടി രൂപയാണ് ബജറ്റിൽ നിന്ന് മാത്രം ഉന്നത വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കായി വകയിരുത്തിയത്. ഇതിന് പുറമേ കിഫ്ബി, റൂസ (രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ), പ്ലാൻ ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തിയും വിവിധ പദ്ധതികൾ നടപ്പിലാക്കിവരുന്നു. പശ്ചാത്തല സൗകര്യവികസനത്തിനൊപ്പം അക്കാദമിക നിലവാരം ഉയർത്തുന്നതിലും പ്രത്യേക ശ്രദ്ധയാണ് സർക്കാർ നൽകുന്നത്.

തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനായി ഇൻക്യുബേഷൻ സെന്ററുകൾ, അസാപ് തുടങ്ങിയ വിവിധതരം പദ്ധതികൾ കലാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്നുണ്ട്. സൈദ്ധാന്തിക അറിവുകൾ നാടിന്റെ പുരോഗതിക്കും പ്രശ്നപരിഹാരങ്ങൾക്കും ഉപകരിക്കുന്ന വിധത്തിൽ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അതിനാവശ്യമായ പിന്തുണയും സഹായവും സർക്കാർ ഉറപ്പാക്കി വരുന്നു. വിദ്യാർത്ഥി മനസുകളിൽ ഉയർന്നുവരുന്ന നൂതന ആശയങ്ങൾക്ക് ചിറകു വിരിക്കാനും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും കലാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കോളേജ് സെമിനാർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ അലുമിനി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.വി പ്രദീപ്‌ അധ്യക്ഷതവഹിച്ചു. കോളേജ് മാനേജിങ് ട്രസ്റ്റി അഡ്വ. കെ. ആനന്ദ്, കാലടി സംസ്‌കൃത യൂണിവേഴ്സിറ്റി പ്രൊ. വൈസ് ചാൻസിലർ ഡോ. കെ. മുത്തുലക്ഷ്മി, കോളേജ് പ്രിൻസിപ്പൽ ഡോ. പ്രീതി നായർ, അലൂമിനി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. കെ.എ അനുമോൾ, മറ്റ് ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.