കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2023 പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ക്ക് കരാട്ടെ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ എല്‍ പി യു പി വിദ്യാര്‍ഥികള്‍ക്കും കരാട്ടേയില്‍ പരിശീലനം നല്‍കുകയെന്നതാണ് അഗ്നിച്ചിറകുകള്‍ പദ്ധതിയുടെ ലക്ഷ്യം. ഉദ്ഘാടനം നെടിയവിള സര്‍ക്കാര്‍ എല്‍ പി എസില്‍ കുന്നത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വത്സലകുമാരി നിര്‍വഹിച്ചു.
മുപ്പതോളം പരിശീലകരാണ് ഓരോ സ്കൂളിലും പരിശീലനം നല്‍കുന്നത്. പഞ്ചായത്തിലെ എല്ലാ കുട്ടികള്‍ക്കും സ്വയം പ്രതിരോധത്തിനുള്ള കഴിവ് നല്‍കുക എന്നതാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ഡാനിയേല്‍ തരകന്, ഷീജ രാധാകൃഷ്ണന്, ശ്രീലേഖ, സെക്രട്ടറി കെ വിനോദ് കുമാര്‍,സ്കൂള്‍ എച്ച്എം സുബുകുമാര്‍, എന്നിവര്‍ പങ്കെടുത്തു.