ഡ്രൈവർമാർക്ക് റോഡുകൾ പരിചിതമാക്കാൻ ലഘു വീഡിയോകൾ പ്രചരിപ്പിക്കും വെർച്വൽ ക്യൂവിനൊപ്പം കെ.എസ്.ആർ.ടി.സി ടിക്കറ്റുകളും ബുക്ക് ചെയ്യാം


ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി തീർത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഈ വർഷത്തെ ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുവാനായി കെ.എസ്.ആർ.ടി.സി, മോട്ടോർ വാഹന വകുപ്പ്, കേരള റോഡ് സുരക്ഷ അതോറിറ്റി, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയിലെ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പമ്പ സാകേതം ഹാളിൽ ചേർന്നു.

തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി മോട്ടോർ വാഹന വകുപ്പും, കേരള റോഡ് സുരക്ഷ അതോറിറ്റിയും, പോലീസ്, പൊതുമരാമത്ത്, ഫയർഫോഴ്‌സ്, ദേവസ്വം ബോർഡ്, ആരോഗ്യ വകുപ്പ്, ബി.എസ്.എൻ.എൽ തുടങ്ങിയവയുമായി ചേർന്ന് നടപ്പിലാക്കുന്ന ശബരിമല സേഫ് സോൺ പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയായതായി മന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ലക്ഷക്കണക്കിന് വാഹനങ്ങളുടെയും യാത്രക്കാരുടെയും യാത്ര സുഗമമാക്കുന്നതും അപകട രഹിതമാക്കുന്നതിനുമായാണ് ശബരിമല സേഫ് സോൺ പ്രോജക്ട് ആരംഭിച്ചത്.

പദ്ധതിയുടെ ഭാഗമായുള്ള നിരന്തര ഇടപെടലുകൾ കൊണ്ട് തീർത്ഥാടന കാലത്തെ റോഡ് അപകട നിരക്ക് വലിയതോതിൽ കുറയ്ക്കുവാൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അപകടത്തിൽപ്പെടുന്നതും ബ്രേക്ക് ഡൗണാകുന്നതുമായ വാഹനങ്ങൾ യഥാസമയം നീക്കി മറ്റു വാഹനങ്ങൾക്ക് സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുവാനും വാഹനങ്ങൾക്ക് പാർക്കിംഗ് ഒരുക്കുന്നതിനും ഗതാഗതക്കുരുക്കുകൾ യഥാസമയം സൗകര്യപ്രദമായ പരിഹരിക്കുന്നതിനും പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഡ്രൈവർമാർക്ക് റോഡുകൾ പരിചിതമാകുന്നതിനായി ലഘു വീഡിയോകൾ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. സൈൻ ബോർഡുകളും റിഫ്‌ലക്ടറുകളും ബ്ലിങ്കറുകളും കോൺവെക്‌സ് ദർപ്പണങ്ങളും ഹെൽപ് ലൈൻ നമ്പറുകളുള്ള ബോർഡുകളും വഴിയിലുടനീളം സ്ഥാപിച്ച് വാഹനങ്ങളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തും. വാഹന നിർമ്മാതാക്കളും വാഹന ഡീലർമാരും ശബരിമല സേഫ് സോൺ പദ്ധതിയുമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലയളവിൽ കെഎസ്ആർടിസി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അധിക സർവീസുകൾ നടത്തും. തിരക്കിനനുസൃതമായി മൂന്നു ഘട്ടങ്ങളായി തിരിച്ചാണ് ബസ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഡിസംബർ 5 വരെയുള്ള ആദ്യഘട്ടത്തിൽ 140 ലോ ഫ്ലോർ നോൺ എ സി, 60 വോൾവോ ലോ ഫ്ലോർ എസി, 15 ഡീലക്‌സ്, 245 സൂപ്പർഫാസ്റ്റ് – ഫാസ്റ്റ് പാസഞ്ചർ, 10 സൂപ്പർ എക്‌സ്പ്രസ് 3 ഷോട്ട് വീൽ ബേസ് എന്നിങ്ങനെ 473 ബസ്സുകളും ഡിസംബർ 6 മുതലുള്ള രണ്ടാംഘട്ടത്തിൽ 140 നോൺ എ സി ലോ ഫ്ലോർ, 60 വോൾവോ എ സി ലോ ഫ്ലോർ, 285 ഫാസ്റ്റ് പാസഞ്ചർ – സൂപ്പർ ഫാസ്റ്റ്, 10 സൂപ്പർ എക്‌സ്പ്രസ്, 15 ഡീലക്‌സ്, 3 ഷോട്ട് വീൽ ബേസ് എന്നിങ്ങനെ 513 ബസ്സുകളും സർവീസ് നടത്തും. മകരവിളക്ക് കാലഘട്ടത്തിൽ വിവിധ ഇനത്തിലുള്ള 800 ബസ്സുകൾ സർവീസിനായി വിനിയോഗിക്കും.

ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലഘട്ടത്തിൽ 14 സ്‌പെഷ്യൽ സർവീസ് സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കുമളി, എരുമേലി, ചെങ്ങന്നൂർ, കൊട്ടാരക്കര, പമ്പ, പുനലൂർ, അടൂർ, തൃശ്ശൂർ, ഗുരുവായൂർ, കായംകുളം എന്നിവിടങ്ങളിലാണ് സ്‌പെഷ്യൽ സർവീസ് സെന്ററുകൾ. കേരളത്തിലെ എല്ലാ പ്രധാന സെന്ററുകളിൽ നിന്നും ഡിമാൻഡ് അനുസരിച്ച് സർവീസുകൾ ക്രമീകരിക്കും. 40-ൽ കൂടുതൽ യാത്രക്കാർ ഗ്രൂപ്പായി ബുക്ക് ചെയ്താൽ ഏത് സ്ഥലത്ത് നിന്നും യാത്രക്കാരെ പിക്കപ്പ് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

പമ്പ – നിലയ്ക്കൽ ചെയിൻ സർവീസുകൾ സമയബന്ധിതമായി അയ്യപ്പഭക്തർക്ക് സൗകര്യപ്രദമായ രീതിയിൽ ക്രമീകരിക്കും. അയ്യപ്പ ദർശനം കഴിഞ്ഞ് വരുന്ന ഭക്തർക്ക് പമ്പയിലെ യൂ-ടേൺ ഭാഗത്ത് മൂന്ന് ബസ് ബേ ക്രമീകരിച്ച് 10 ബസുകൾ വിതം തയ്യാറാക്കി നിർത്തും. ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ സംവിധാനത്തിൽ കെഎസ്ആർടിസി ടിക്കറ്റുകൾ കൂടി ഉൾപ്പെടുത്തുന്നതിനുള്ള സൗകര്യമൊരുക്കും. കോട്ടയം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ കെഎസ്ആർടിസി ബസുകൾക്ക് പാർക്കിംഗ് സൗകര്യവും ഹെൽപ്പ് ഡെസ്‌ക്കും ആവശ്യാനുസരണം ചാർട്ടേഡ് ട്രിപ്പുകളും ക്രമീകരിക്കും. ശബരിമല മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസിയുടെ കൂടുതൽ ബസ്സുകൾ അറ്റകുറ്റപണികൾ തീർത്ത് സർവീസിന് സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഉന്നതതല യോഗത്തിൽ ജനപ്രതിനിധികൾ, റോഡ് സുരക്ഷാ കമ്മീഷണറും ട്രാൻസ്‌പോർട്ട് കമ്മീഷണറുമായ എസ്. ശ്രീജിത്ത്, കെഎസ്ആർടിസി സിഎംഡി (ഇൻചാർജ് ) പ്രമോജ് ശങ്കർ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.