രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൈക്കിള്‍
പ്രളയദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അസാപിന്റെ ആദരം. പ്രകൃതിയോടിണങ്ങി യാത്രാശീലംപ്രോത്സാഹിപ്പിക്കാ ന് സൈക്കിളുകളാണ് സമ്മാനമായി നല്‍കിയത്12 പേര്‍ക്കാണ് അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) ആദരവും പ്രോത്‌സാഹനവും ലഭിച്ചത്. അഞ്ച് വിദ്യാര്‍ഥികള്‍ക്കും ഏഴ് രക്ഷിതാക്കള്‍ക്കുമാണ് സൈക്കിള്‍ നല്‍കിയത്. അസാപ് സി.ഇ.ഒയും ടീം ലീഡറുമായ റീത്ത എസ്. പ്രഭ ഇവര്‍ക്ക് സൈക്കിളുകള്‍ കൈമാറി മുഖ്യപ്രഭാഷണം നടത്തി.

പ്രളയദുരന്തത്തില്‍ സഹായഹസ്തവുമായി എത്തിയ വിദ്യാര്‍ഥികളുടെയും മത്‌സ്യത്തൊഴിലാളികളുടെയും പങ്ക് കേരളത്തിന് മറക്കാനാവില്ലെന്ന് റീത്ത എസ്. പ്രഭ പറഞ്ഞു. യുവാക്കളും വിദ്യാര്‍ഥികളും മൊബൈലില്‍ ജീവിക്കുന്നവരാണെന്ന മുതിര്‍ന്നവരുടെ ആക്ഷേപങ്ങള്‍ക്ക് മുനയൊടിച്ചത് പ്രളയരക്ഷാപ്രവര്‍ത്തനത്തിലെ അവരുടെ മികച്ച പങ്കാണ്. കളക്ഷന്‍ ക്യാമ്പുകളില്‍ അവരുടെ ഊര്‍ജവും സേവനസന്നദ്ധതയും നേരിട്ട് മനസിലാക്കാനായതായും അവര്‍ പറഞ്ഞു.
പ്രദീപ് ഫ്രെഡ്ഡി, റോയ് ഫെര്‍ണാണ്ടസ്, ടോണി ലിയോണ്‍സ്, ഐബിന്‍ നായകം എന്നീ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് വിദ്യാര്‍ഥികള്‍ക്കും ജിജോ ജെ. എന്ന അസാപ് അംഗമായ പൂന്തുറ സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥിക്കുമാണ് സൈക്കിളുകള്‍ ലഭിച്ചത്. റോബര്‍ട്ട്, പനിയടിമ മര്‍ത്യാസ്, ജോണി ഐസക്, ജില്ലര്‍, ജോസഫ്, രാജു, ജോണാര്‍ക് എന്നീ രക്ഷിതാക്കള്‍ക്കും സൈക്കിള്‍ നല്‍കി.
സെന്റ് സേവ്യേഴ്‌സ് കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഫാദര്‍ ഡോ. വി.വൈ. ദാസപ്പന്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സൗഹൃദ യാത്രാസംസ്‌കാരം പ്രോത്‌സാഹിപ്പിക്കാന്‍ കോളേജില്‍ പെഡലിംഗ് ക്ലബ് ആരംഭിച്ചിട്ടുണ്ടെന്നും നടന്നും സൈക്കിളിലും വരുന്നവര്‍ക്ക് പ്രോത്‌സാഹന സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്.
കോളേജിലെ അസാപ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജെ. ജസ്റ്റസ്, അസാപ് ജില്ലാ ഹെഡ് സുശീലാ ജെയിംസ്, ട്രെയിനിംഗ് ഹെഡ് ടി.വി. അനില്‍കുമാര്‍, കരിക്കുലം ഹെഡ് ഡോ. കെ.പി. ജയ്കിരണ്‍, കമ്മ്യൂണിക്കേഷന്‍ ഹെഡ് എം.കെ. വിവേകാനന്ദന്‍ നായര്‍, ക്വാളിറ്റി ഹെഡ് പ്രൊഫ. ആര്‍. പ്രകാശം, വിദ്യാര്‍ഥി പ്രതിനിധി സ്‌റ്റെഫി കെന്നഡി തുടങ്ങിയവര്‍ സംബന്ധിച്ചു.