ശബരിമല: അയ്യപ്പ ചൈതന്യം ജീവിതകാലം മുഴുവന്‍ നിലനിര്‍ത്താനും മികച്ച ജീവിത ശൈലി പിന്തുടരാനും 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളില്‍ പലതും സ്വാമി ദര്‍ശത്തിനുശേഷവും തുടരാവുന്നതാണെന്ന് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് പറഞ്ഞു. അയ്യപ്പ ദര്‍ശനത്തിനായി പാലിക്കുന്ന ഈ വ്രതാനുഷ്ഠാനങ്ങളില്‍ പലതും മനസിന്റെ ശുദ്ധിക്കും ശരീരത്തിന്റെ ഗുണത്തിനും സഹായകരമാണ്. ഓരോരുത്തരും അവരവരുടെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്തി അനുയോജ്യമായ ചിട്ടകള്‍ ജീവിതത്തിന്റെ ഭാഗമാക്കാം.
അയ്യപ്പ ദര്‍ശനത്തിലൂടെ പകര്‍ന്നുകിട്ടുന്ന സ്വാമി ചൈതന്യത്തിന് പൂര്‍ണത ലഭിക്കാന്‍ 41 ദിവസത്തെ വ്രതാനുഷ്ഠാനം അത്യാവശ്യമാണ്. വിദേശരാജ്യങ്ങളില്‍ ജീവിക്കുന്ന പലരും ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് വ്രതാനുഷ്ഠാനമെടുത്ത് ശബരിമലയില്‍ വരുന്നുണ്ട്. അതുപോലെ യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും കാനനപാതയിലൂടെ സ്വാമി ദര്‍ശനത്തിന് എത്തുന്നുണ്ട്.
പമ്പയില്‍ ഭക്തര്‍ തുണി ഒഴുക്കുന്നത് ആചാരങ്ങള്‍ക്ക് വിരുദ്ധം
എല്ലാ ആചാരങ്ങള്‍ക്കു പിന്നിലും ഒരു ശാസ്ത്രമുണ്ട്. പമ്പയില്‍ ഭക്തര്‍ തുണി ഒഴുക്കുന്നത് ആചാരത്തിന്റെ ഭാഗമല്ല. അങ്ങനെ ചെയ്യുന്നതുകൊണ്ട് എന്താണ് ഗുണമെന്ന് ഭക്തര്‍ തന്നെ സ്വയം ചിന്തിക്കണം എന്ന് തന്ത്രി പറഞ്ഞു. ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒന്നും ഉള്‍പ്പെടേണ്ട ആവശ്യമില്ല എന്നിരിക്കെ അത്തരം വസ്തുക്കള്‍ എന്തിനാണ് ശബരിമലയിലേക്ക് കൊണ്ടുവരുന്നതെന്ന് ഓരോ ഭക്തനും ചിന്തിക്കണം. പരിസ്ഥിതി സംരക്ഷിക്കാനും ശബരിമലയുടെ പരിപാവനത കാത്തുസൂക്ഷിക്കാനും ഓരോ അയ്യപ്പ ഭക്തനും ബാധ്യതയുണ്ട്. അയ്യപ്പനോടുള്ള ഭക്തി ഈ രീതിയിലും കാഴ്ചവയ്ക്കാം എന്ന സത്യം ഭക്തര്‍ മനിസിലാക്കണം എന്നും തന്ത്രി കണ്ഠര് മഹേഷ് മോഹനര് പറഞ്ഞു.