ശബരിമല: വൈകുന്നേരമാകുന്നതോടെ സോപാനവും പരിസവരും പുഷ്പ ഗന്ധത്താല്‍ പൂരിതമാകും. ദീപാരാധനയ്ക്ക ശേഷം 6.30 മുതല്‍ 9.30 വരെയുള്ള സമയത്ത് നടക്കുന്ന ഭഗവാന് ഏറെ പ്രിയപ്പെട്ട പുഷ്പാഭിഷേകത്തിനുള്ള പൂവുകള്‍ തയ്യാറാക്കുന്നത് ഈ സമയത്താണ്. ഉദ്ദിഷ്ട കാര്യത്തിന് ശബരിമലയിലെ പ്രധാന വഴിപാടാണ് പുഷ്പാഭിഷേകം. ദിവസം ശരാശരി 30 പുഷ്പാഭിഷേകങ്ങള്‍ വരെ നടക്കാറുണ്ട്. തിരക്കേറുമ്പോള്‍ ഇത് 50 ലേറെ ആയി ഉയരും. ഏഴിനം പൂക്കള്‍കൊണ്ടാണ് അഭിഷേകം. എല്ലാ പൂവുകളും പുഷ്പാഭിഷേകത്തിന് ഉപയോഗിക്കില്ല. തെച്ചി, റോസ്, മുല്ല, അരളി, കൂവളം, താമര, ജമന്തി എന്നിവയാണ് ഉപയോഗിക്കുന്നത്. ആറ് കൂട പൂവുകളാണ് ഒരു അഭിഷേകത്തിന് ഉപയോഗിക്കുന്നത്. 10,000 രൂപയാണ് നിരക്ക്. അയ്യപ്പന് ചാര്‍ത്താന്‍ പൂമാല, ഏലയ്ക്കാമാല, കിരീടം, വിശറി, രാമച്ചമാല എന്നിവയും ലഭ്യമാണ്. വഴിപാടുകള്‍ നേരിട്ടും ഓണ്‍ലൈനായും ബുക്ക് ചെയ്യാം.