രാജസ്ഥാനില്‍ ട്രെയിനിറങ്ങുമ്പോള്‍ രാഞ്ചോട്‌ലാല്‍ ഖാരാടിയയുടെ കാലുകളില്‍ പുതുപുത്തന്‍ ചെരുപ്പുണ്ടാവും. ഒപ്പം ഒന്നര വര്‍ഷം മുമ്പ് കാണാതായ ഭാര്യ റമീലാദേവിയും രണ്ടു വയസുകാരന്‍ മകന്‍ രവിയും. ഭാര്യയെയും മകനെയും രാഞ്ചോട്‌ലാല്‍ കൊലപ്പെടുത്തിയതാണെന്ന് ഗ്രാമമുഖ്യന്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തിയപ്പോഴാണ് അവരെ കണ്ടെത്തിയിട്ടേ ചെരിപ്പിടൂയെന്ന് ശപഥമെടുത്തത്. കേരളത്തിന്റെ കരുതലില്‍ നിന്ന് ഭാര്യയെയും മകനെയും കണ്ടെത്തിയപ്പോള്‍ രാഞ്ചോട്‌ലാലിന്റെ കണ്ണുകള്‍ നിറഞ്ഞു. സ്‌നേഹത്തിന്റെ കരങ്ങളാല്‍ ഭാര്യയെയും മകനെയും പൊതിഞ്ഞു സൂക്ഷിച്ച കേരളത്തിന് നന്ദി പറഞ്ഞാണ് അവര്‍ മടങ്ങിയത്.
രാജസ്ഥാനിലേക്ക് തിരിച്ചു പോകുന്നതിനു മുമ്പ് ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ക്കും സാമൂഹ്യനീതി ഉദ്യോഗസ്ഥര്‍ക്കുമൊപ്പം രാഞ്ചോട്‌ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി. സംസ്ഥാനം നല്‍കിയ സ്‌നേഹത്തിനും സഹായത്തിനും നന്ദി പറഞ്ഞു.
2016 ജനുവരി ഒന്‍പതിനാണ് റമീല ദേവിയെ വലിയതുറ മേഖലയില്‍ അലഞ്ഞു തിരിയുന്നതായി കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച റമീലദേവിയെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി. ഒരു വര്‍ഷത്തെ ചികിത്‌സയെ തുടര്‍ന്ന് റമീലാദേവിയുടെ രോഗാവസ്ഥ ഭേദപ്പെട്ടു. തുടര്‍ന്ന് ഇവര്‍ നല്‍കിയ വിവരം അനുസരിച്ച് സംസ്ഥാന പോലീസ് മേധാവി രാജസ്ഥാന്‍ പോലീസുമായി ബന്ധപ്പെട്ടു. ഇവരുടെ അന്വേഷണത്തിലാണ് രാഞ്ചോട്‌ലാലിനെ കണ്ടെത്തി കേരളത്തിലെത്തിച്ചത്.
റമീലാദേവിയുടെ പേരിലുണ്ടായിരുന്ന സ്ഥലം ചിലര്‍ തട്ടിയെടുത്തതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായതെന്ന് പറയുന്നു. നാട്ടിലേക്ക് മടങ്ങുന്ന ഇവര്‍ക്ക് സംരക്ഷണം വേണമെന്ന ആവശ്യം രാഞ്ചോട്‌ലാല്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് മുന്നിലും ഇതേ ആവശ്യം ഉന്നയിച്ചു. ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. രാജസ്ഥാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് വിഷയം ശ്രദ്ധയില്‍പ്പെടുത്താമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ കാലില്‍ തൊട്ടുതൊഴുതാണ് രാഞ്ചോട്‌ലാല്‍ നന്ദി പ്രകടിപ്പിച്ചത്. ഇവരെ നാട്ടില്‍ കൊണ്ടുചെന്നാക്കുന്നതിന് കേരളത്തില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥരും പോകുന്നുണ്ട്. ഇന്നലെ (23) വൈകിട്ട് 3.45ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ബിക്കാനീര്‍ എക്‌സ്പ്രസിലാണ് ഇവര്‍ മടങ്ങിയത്. കൈനിറയെ സമ്മാനങ്ങളും പഠന പുസ്തകങ്ങളുമായാണ് ശിശുക്ഷേമ സമിതിയില്‍ നിന്ന് രവിയെ യാത്രയാക്കിയത്.
നാട്ടിലേക്ക് മടങ്ങുമ്പോള്‍ രാഞ്ചോട്‌ലാലിന് ഒരു സങ്കടമേയുള്ളൂ. മകനെ ഉള്ളുനിറഞ്ഞ് കൊഞ്ചിക്കാനാവുന്നില്ല. കാരണം രാഞ്ചോട്‌ലാല്‍ പറയുന്നത് രവിക്കും രവി പറയുന്നത് രാഞ്ചോട്‌ലാലിനും മനസിലാകുന്നില്ല. കേരളത്തിലെ താമസത്തിനിടെ രവി മലയാളം പഠിച്ചു. ഇനി അമ്മ റമീലാദേവി വേണം കുറച്ചു നാളത്തേക്ക് ഇവര്‍ക്കിടയിലെ പരിഭാഷകയാകാന്‍.