സംസ്ഥാനത്തെ നൈപുണ്യ വികസന മേഖലയെ ആധുനികവും തൊഴിൽ വിപണിയോട് അനുയോജ്യവുമായി മാറ്റുന്നതിന് സമഗ്ര പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി 25 സുപ്രധാന പദ്ധതികളാണ് കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ (KASE) നേതൃത്വത്തിൽ നടപ്പാക്കുന്നത്. നൈപുണ്യ വികസന പ്രവർത്തനങ്ങളുടെ ഏകജാലക സംവിധാനമാക്കി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിനെ മാറ്റുന്നതിന് സ്കിൽ സെക്രട്ടറിയേറ്റ് രൂപീകരിക്കും.
രാജ്യത്താദ്യമായി ജനകീയ ആസൂത്രണ മാതൃകയിൽ വികേന്ദ്രീകൃത നൈപുണ്യ വികസന സംവിധാനവും സ്മാർട്ട് സ്കിൽ ബജറ്റിംഗും നടപ്പാക്കും. പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ വിഭവങ്ങൾ നൈപുണ്യ പരിശീലനത്തിനായി ഉപയോഗിക്കുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ഓരോ ജില്ലയിലെയും തൊഴിൽ സങ്കീർണ്ണതകൾ പഠിക്കുന്ന സ്കിൽ ഗ്യാപ് റിപ്പോർട്ട് ഉടൻ സമർപ്പിക്കും. ജില്ലാതല നയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കുമെന്നും മന്ത്രി അറിയിച്ചു.
ഗുണനിലവാരം ഉറപ്പാക്കാൻ സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ നൽകുന്ന പോളിസി രൂപീകരിച്ചു. ആദ്യഘട്ടത്തിൽ 200 സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ നൽകും. എസ്.സി.വി.റ്റിയെ എസ്.സി.വി.ഇ.റ്റിയായി പുനഃസംഘടിപ്പിച്ച് സ്റ്റേറ്റ് ക്വാളിറ്റി സെൽ രൂപീകരിച്ചിട്ടുണ്ടെന്നും മികച്ച സ്ഥാപനങ്ങൾക്ക് സർക്കാർ ഗുണമേന്മ മുദ്ര നൽകുമെന്നും മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന കേന്ദ്രങ്ങൾ സംസ്ഥാനത്ത് സ്ഥാപിക്കും. തിരുവനന്തപുരത്ത് മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്ററോടുകൂടിയ സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്റർ ആരംഭിക്കുന്നതിനുള്ള കരാർ തയ്യാറായി. കൊച്ചിയിൽ എൻ.എസ്.ഡി.സി., കൊച്ചി മെട്രോ എന്നിവരുമായി ചേർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെട്രോ ആൻഡ് റെയിൽ ടെക്നോളജി സ്ഥാപിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ ലാംഗ്വേജസ് രണ്ടു മാസത്തിനകം പൂർത്തിയാകും. കൊട്ടാരക്കരയിൽ എൻ.ഐ.ഇ.എൽ.ഐ.റ്റിയുമായി സഹകരിച്ച് ഡ്രോൺ ടെക്നോളജി ഇന്നൊവേഷൻ ആൻഡ് റിസർച്ച് പാർക്ക് സ്ഥാപിക്കും. ഇതിന്റെ ട്രാൻസിറ്റ് ക്യാമ്പസ് ഏഴുകോണിൽ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ എല്ലാ നിയസഭാ മണ്ഡലങ്ങളിലും മനുഷ്യ വിഭവശേഷി സർവേ നടത്തും. മാതൃകാ പഠനം ഫെബ്രുവരി 16-ന് നേമം മണ്ഡലത്തിൽ ആരംഭിക്കും. മാർച്ചോടെ കെയ്സിന് എൻ.സി.വി.ഇ.റ്റിയുടെ ഡ്യുവൽ റെക്കഗ്നിഷൻ ബോഡി അംഗീകാരം ലഭിക്കും. വിദേശ തൊഴിൽ ചൂഷണം തടയുന്നതിനായി കെയ്സ് നേരിട്ട് റിക്രൂട്ട്മെന്റ് നടത്തും. ഇതിനുള്ള ലൈസൻസ് ഈ മാസം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ജർമ്മനി, ഓസ്ട്രിയ എന്നീ രാജ്യങ്ങളുമായി ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തും. ജർമ്മൻ ഭാഷാ പഠനത്തിലെ ഗുണനിലവാരം ഉറപ്പാക്കാൻ ഗോഥെ ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പിട്ടു. തിരുവനന്തപുരത്ത് ജർമ്മൻ ഡ്യൂവൽ എഡ്യൂക്കേഷൻ സെന്റർ സ്ഥാപിക്കുന്നതിന് എർഫോർട്ട് ചേംബർ ഓഫ് ക്രാഫ്റ്റ്സുമായി മാർച്ചിൽ കരാർ ഒപ്പിടും. ജനുവരി 31-ന് നടന്ന നൈപുണ്യോത്സവം മത്സരങ്ങളിൽ നിന്ന് 301 പേർ തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത നൈപുണ്യോത്സവം ഒക്ടോബറിൽ നടക്കും. ലോക ബാങ്ക് ഗ്രാന്റോടെ യു.എൻ. യൂണിവേഴ്സിറ്റി രണ്ട് വർഷത്തെ പഠനം നടത്തും. ജർമ്മനിയിലെ ഹെസ്സൻ സംസ്ഥാനവുമായി സിസ്റ്റർ സ്റ്റേറ്റ് കരാർ മാർച്ചിൽ ഒപ്പിടും.
നെക്സ്റ്റ്ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറിയുമായി ചേർന്ന് ഒമ്പതിനായിരം കോടി രൂപയുടെ നിക്ഷേപവും മുന്നൂറ് ഡീപ് ടെക് സ്റ്റാർട്ടപ്പുകളും സംസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. മാർച്ചിൽ നടക്കുന്ന ഇൻഡോ-ജർമ്മൻ ട്രേഡ് ഫെയറിലൂടെ 500 പേർക്ക് ജർമ്മനിയിൽ പ്രതിമാസം 1.08 ലക്ഷം രൂപ സ്റ്റൈപ്പന്റോടെ പരിശീലനവും തൊഴിലും ഉറപ്പാക്കും. മാർച്ച് 26-ന് എത്തുന്ന ഓസ്ട്രിയൻ ഐ.ടി പ്രതിനിധി സംഘത്തിന് മുന്നിൽ കേരളത്തിലെ ഐ.ടി പ്രൊഫഷണലുകളുടെ മികവ് അവതരിപ്പിക്കും.
സംസ്ഥാനത്തെ ഉദ്യോഗാർത്ഥികൾക്ക് സുരക്ഷിതവും സുതാര്യവുമായ വിദേശ കുടിയേറ്റം ഉറപ്പാക്കുന്നതിനൊപ്പം പ്രാദേശികമായി മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
തൊഴിൽ നൈപുണ്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ് ഷാനവാസ്, കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് മാനേജിങ് ഡയറക്ടർ സുഫിയാൻ അഹമ്മദ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
