സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള നീതി നിഷേധങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായുള്ള ‘മഹിളാ ജന്‍ സുന്‍വായി’ പരാതി പരിഹാര അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി. 110 പരാതികളാണ് ലഭിച്ചത്. എട്ട് പരാതികളില്‍ തുടര്‍ നടപടികള്‍ക്ക് പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. രണ്ട് പരാതികള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറി. ഒരു കേസില്‍ ജാഗ്രത സമിതി റിപ്പോര്‍ട്ട് തേടി. 74 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.
ഗാര്‍ഹിക ചുറ്റുപാടിലുള്ള പരാതികള്‍, വിവിധ കുടുംബ പ്രശ്നങ്ങള്‍, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്നത് തടയുന്നതിനായുള്ള ആഭ്യന്തര പരാതി പരിഹാര സംവിധാനം (ഇന്റേണല്‍ കമ്മറ്റി) കൃത്യമായി പ്രവര്‍ത്തിക്കാത്തതും കമ്മിറ്റികളില്‍ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇല്ലാത്തതും പരാതികളായി എത്തി. സാമ്പത്തിക-വസ്തു തര്‍ക്കങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവയും അന്ധവിശ്വാസം, അനാചാരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും പരിഗണിച്ചു.
അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളോടനുബന്ധിച്ച് ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഹാളില്‍ അദാലത്ത് സംഘടിപ്പിച്ചത്. സംസ്ഥാന വനിതാ കമ്മീഷന്‍ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, സിവില്‍ ജഡ്ജ് ഷാബിര്‍ ഇബ്രാഹീം, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ശ്രുതി, അഭിഭാഷകരായ സുകൃത, അംബികാ സോണി, സിവില്‍ സ്റ്റേഷന്‍ ജൂനിയര്‍ സൂപ്രണ്ട് സുരേന്ദ്രന്‍, കൗണ്‍സിലര്‍ ശ്രുതി, ജില്ലാ ജാഗ്രത സമിതി അംഗം നുനു ലുജൈന എന്നിവര്‍ പങ്കെടുത്തു.
