തന്നെ പോലെയുള്ള കുഞ്ഞു കുട്ടികൾക്ക് നീന്തൽ പഠിക്കാൻ നാട്ടിൽ ഒരു നീന്തൽ പരിശീലന കേന്ദ്രം വേണമെന്ന നിവേദനവുമായാണ് തോട്ടുമുക്കം സ്വദേശിനി അഞ്ചു വയസുകാരി റന ഫാത്തിമ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ നവകേരള സദസ്സിന്റെ പ്രഭാത യോഗത്തിൽ എത്തിയത്. നീന്തൽ ഗുരു വല്ല്യുമ്മ റംല മനാഫിന്റെ കൂടെയാണ് നവകേരള സദസ്സിന്റെ പ്രഭാത യോഗത്തിൽ ഏറ്റവും പ്രായം കുറഞ്ഞ അതിഥിയായി റന വന്നത്.
മൂന്നാമത്തെ വയസിൽ തന്നെ പുഴയിൽ നീന്തി വലിയ ആളുകൾക്കും കുട്ടികൾക്കും നീന്തൽ പഠിക്കാൻ പ്രചോദനമായതിനാലാണ് തനിക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതെന്ന് റന പറയുന്നു. നിലവിൽ മുക്കം നഗര സഭയുടെ നീന്തി വാ മക്കളെ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് റന ഫാത്തിമ.
മന്ത്രിമാർ പോകുന്ന ബസിന്റെ ഉൾവശം കാണാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് എന്നിവർ ബസിനകത്തേക്ക് കൂട്ടികൊണ്ട് പോയി റനയുടെ ആഗ്രഹവും സാധിപ്പിച്ചു കൊടുത്തു. റഫീഖ് തോട്ടുമുക്കത്തിന്റെയും റിഫാനയുടെയും മൂത്ത മകളാണ് അഞ്ചു വയസുകാരി റന ഫാത്തിമ.