അങ്കമാലി: കൈയില്‍ പേനയ്ക്കു പകരം കൊലശേര്‍. കണക്കു കൂട്ടിയതോ സിമന്റിന്റെയും മണലിന്റെയും. ക്ലര്‍ക്കു പണിക്കു മാത്രമല്ല കല്ലുപണിയ്ക്കും കൈ വഴങ്ങുമെന്ന് കാണിച്ചുതരികയാണ് ജില്ലാ പട്ടികജാതി വികസന ഓഫീസിലെ ക്ലര്‍ക്കുമാര്‍. സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായാണ് ജീവനക്കാര്‍ പ്രളയത്തില്‍ തകര്‍ന്ന ഹോസ്റ്റലിന്റെ മതിലുകള്‍ പുനര്‍ നിര്‍മ്മിച്ചു നല്‍കിയത്. രണ്ടു ദിവസം തുടര്‍ന്ന ജോലികള്‍ ഇന്നലെ പൂര്‍ത്തീകരിച്ചു.
ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ മലയാറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന ബോയ്‌സ് ഹോസ്റ്റലിലെ മതിലുകള്‍ പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. പക്ഷാചരണത്തിന്റെ ഭാഗമായി പ്രളയബാധിത പ്രദേശങ്ങളില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ക്ലര്‍ക്കുമാര്‍ മതിലുപണിക്കിറങ്ങിയതെന്ന് സൂപ്രണ്ട് കെ.കെ. ജയിംസ് പറഞ്ഞു. ജില്ലാ ഓഫീസിലെ ഏഴു ജീവനക്കാരും അങ്കമാലി ബ്ലോക്കിലെ വകുപ്പിലെ പ്രമോട്ടര്‍മാരും നിര്‍മാണത്തില്‍ സജീവമായിരുന്നു. ജില്ലാ ഓഫീസിലെ ക്ലര്‍ക്കുമാരായ സി.എസ്. മഹേഷ്, വി.സി. ദിലിന്‍ കുമാര്‍, കെ.എ. സുനില്‍, ടി. പ്രശാന്ത് എന്നിവരോടൊപ്പം ആലുവ മോഡല്‍ സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് കെ.എച്ച് അന്‍വറും പണികള്‍ക്കിറങ്ങി. ഇതില്‍ സുനില്‍ നേരത്തെ കല്ലുപണികള്‍ ചെയ്ത് പരിചയമുള്ളയാളാണ്. ഇദ്ദേഹം തന്നെയാണ് മുഴുവന്‍ നിര്‍മ്മാണവും നടത്തിയത്. മറ്റുള്ളവര്‍ സഹായികളായി ഒപ്പം നിന്നു.
പ്രളയ സമയത്ത് ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ച ഹോസ്റ്റലിന്റെ താഴത്തെ നിലയില്‍ വെള്ളം കയറിയിരുന്നു. ചെളിനിറഞ്ഞ ഹോസ്റ്റല്‍ വൃത്തിയാക്കിയതും ഇതേ ജീവനക്കാര്‍ തന്നെ ആയിരുന്നു. കേരള പോലീസിലെ ജീവനക്കാരും അന്ന് സഹായിക്കാന്‍ എത്തി. 16 കുട്ടികളാണ് ബോയ്‌സ് ഹോസ്റ്റലില്‍ താമസിക്കുന്നത്.  ഹോസ്റ്റലിലെ ജീവനക്കാരും സഹായത്തിനുണ്ടായിരുന്നു.