2023-24ല ഒന്നാം വിള നെല്ല് സംഭരണവില വിതരണം ഊർജിതമായി പുരോഗമിക്കുന്നതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. എസ്.ബി.ഐ., കനറാ ബാങ്കുകൾ മുഖേന പി.ആർ.എസ്. വായ്പയായാണ് സംഭരണവില വിതരണം ചെയ്യുന്നത്. ഈ സീസണിൽ ഇതുവരെ 40086 കർഷകരിൽ നിന്നായി 1.18 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ വിലയായി 334.36 കെടി രൂപയാണ് നൽകേണ്ടത്.
എസ്.ബി.ഐ., കനറാ ബാങ്കുകളുമായി ബന്ധപ്പെട്ട് സപ്ലൈകോ സംഭരണവില പി.ആർ.എസ്. വായ്പയായി നൽകുവാനുള്ള ക്രമീകരണങ്ങൾ നേരത്തെ തന്നെ ഏർപ്പെടുത്തുകയും കർഷകരുടെ പട്ടിക ബാങ്കുകൾക്ക് കൈമാറുകയും ചെയ്തിരുന്നു. സംഭരണവില പി.ആർ.എസ്. വായ്പയായി വിതരണം ചെയ്യുന്ന നടപടി ഊർജിതമായി നടക്കുന്നുണ്ട്. കർഷകർ ബാങ്ക് ശാഖകളെ സമീപിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി സംഭരണവില കൈപ്പറ്റണം. രണ്ടാംവിള നെല്ല് സംഭരണത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഇതിനായി പോർട്ടൽ തുറന്നുകൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.