തുടർച്ചയായ മൂന്നാം വർഷവും കരഭൂമിയിൽ നെല്ല് വിളയിച്ച് വിജയഗാഥ രചിച്ചിരിക്കുകയാണ് കടനാട് ഗ്രാമപഞ്ചായത്ത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം ഗ്രാമം മുഴുവൻ ആഘോഷമാക്കി. മൂന്നു വർഷം മുമ്പ് കരനെൽ കൃഷി എന്ന ആശയം മുന്നോട്ട് വെച്ചത് പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റാണ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ജെ എൽ ജി ഗ്രൂപ്പാണ് കൃഷിയിറക്കിയത്. കുടുംബശ്രീ അംഗവും വനിതാ കർഷകയുമായ ഗ്രേസിക്കുട്ടി ജോണി പാറപുഴയുടെ നേതൃത്വത്തിൽ നൽകിയത് മറ്റ് അഞ്ച് അംഗങ്ങളുംകൂടി ചേർന്നാണ് കൃഷി നടത്തിയത്. ജില്ലാ കുടുംബശ്രീ മിഷൻ മികച്ച വനിതാ കർഷകയായി തിരഞ്ഞെടുത്തിട്ടുള്ള ഗ്രേസി ജോണിയുടെ പരിചയസമ്പന്നതയും കൃഷിഭവൻ ഉദ്യോഗസ്ഥരുടെയും മുതിർന്ന കർഷകരുടെയും മാർഗ നിർദ്ദേശങ്ങളും നെൽകൃഷിക്ക് തുണയായി. കണ്ടത്തിമാവിൽ കൃഷിയിറക്കിയ സ്ഥലം വളരെ ഉയർന്ന പ്രദേശമാണ്.കുടുംബശ്രീ അംഗങ്ങൾ മൂന്നു വർഷം മുമ്പ് ഇവിടെ വെട്ടിതെളിച്ച് കരനെൽ കൃഷിയ്ക്കനുയോജ്യമായ ഭൂമിയാക്കി മാറ്റുകയായിരുന്നു.
ഒന്നരയേക്കറോളം കരഭൂമി പാട്ടത്തിനെടുത്ത് അഞ്ചു മാസം മുമ്പാണ് കൃഷി തുടങ്ങിയത്. കൊല്ലപ്പള്ളി കൃഷി ഭവനിൽ നിന്നും ലഭിച്ച ചുവന്ന നെൽവിത്തിനമാണ് ഉപയോഗിച്ചത്. കരനെൽ കൃഷിയ്ക്കുള്ള സബ്സിഡിയും കൃഷി വകുപ്പ് നൽകി.
കനത്ത മഴയെ അതിജീവിച്ച കരനെല്ലിന് നല്ല വിളവാണ് ലഭിച്ചത്. പ്രളയത്തിനു ശേഷമുള്ള കനത്ത ചൂടിൽ കുറച്ച് നെൽച്ചെടികൾ കരിഞ്ഞു പോയതൊഴിച്ചാൽ മറ്റ് കാര്യമായ നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സംഘം പറയുന്നു. പൂർണമായും ജൈവ മാതൃകയിൽ കൃഷി ചെയ്ത നെല്ലിന് ആവശ്യക്കാർ ഏറെയാണ്. എല്ലാ പിന്തുണയും നൽകി പഞ്ചായത്തും കൃഷിഭവനും ഒപ്പമുള്ളതിനാൽ കരനെൽകൃഷിയ്ക്കു പുറമേ ജൈവ പച്ചക്കറികൃഷിയും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. പഞ്ചായത്തിന്റെ മറ്റ് വാർഡുകളിലും കരനെൽ കൃഷി വിജയകരമായി നടത്തുന്നുണ്ട്.
പഞ്ചായത്തുതലത്തിൽ സംഘടിപ്പിച്ച വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡന്റ് സണ്ണി മുണ്ടനാട്ട് ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൗളിറ്റ് തങ്കച്ചൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ട്രീസമ്മ തോമസ്, പഞ്ചായത്തംഗങ്ങളായ ഷിലു കൊടൂർ, റെജി കരിമ്പാനി, അഡ്വ.ആന്റണി ഞാവള്ളി, വി.ജി സോമൻ, ബിന്ദു, ബിനു, ലിസി സണ്ണി, പൗളിൻ ടോമി, ബിന്ദു സതീഷ്, കൃഷി ഓഫീസർ അജ്മൽ എന്നിവർ പങ്കെടുത്തു.
