കൊച്ചി: കലാപകലുഷിതമായ അന്തരീക്ഷത്തിലേക്ക് കേരളത്തെ കൊണ്ടുപോകാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എളമക്കര സാമൂഹ്യ ക്ഷേമ സഹകരണ സംഘം ഹെഡ് ഓഫീസ് കെട്ടിട ശിലാസ്ഥാപനം എളമക്കര പേരണ്ടൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധക്കാര്‍ വസ്തുതകള്‍ മനസിലാക്കണം. സെപ്തംബര്‍ 28 നുണ്ടായ സുപ്രീംകോടതി വിധി വരാനുണ്ടായ സാഹചര്യം പ്രതിഷേധക്കാര്‍ മനസിലാക്കണം. ആരാണ് കേസ് കൊടുത്തതെന്നും വിധിക്ക് ആസ്പദമായ പ്രശ്‌നമെന്തെന്ന് പഠിക്കാന്‍ പ്രതിഷേധക്കാര്‍ തയാറാകണം. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം ശബരിമലയില്‍ നിരോധിച്ചുകൊണ്ടുള്ള 1991 ലെ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് 2006 ലാണ് സുപ്രീംകോടതിയില്‍ കേസ് വരുന്നത്. അതിനര്‍ഥം 1991 നു മുന്‍പ് ശബരിമലയില്‍ ഈ പ്രായത്തിലുള്ള സ്ത്രീകള്‍ പ്രവേശിച്ചിരുന്നു എന്നാണ്. ചില സ്ത്രീകള്‍ ശബരിമലയില്‍ വരുന്നുണ്ടെന്നും ചില പ്രമാണിമാരുടെ ഭാര്യമാര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നും കാണിച്ച് മഹേന്ദ്രന്‍ എന്ന ആലപ്പുഴക്കാരന്‍ ഹൈക്കോടതിക്കയച്ച കത്ത് ഹൈക്കോടതി പൊതുതാത്പര്യ ഹര്‍ജിയായി സ്വീകരിക്കുകയായിരുന്നു. കത്തിനു മേല്‍ സര്‍ക്കാരിന് നോട്ടീസയച്ചു. ചോറൂണിന് അടക്കം നിരവധി പേര്‍ ശബരിമലയില്‍ കയറിയതായി വെളിപ്പെടുത്തിയിട്ടുണ്ട്. 1991 ല്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി പിന്നീടുള്ള സര്‍ക്കാരുകള്‍ നടപ്പാക്കി. പിന്നീട് പ്രായം പരിശോധിച്ചാണ് ഭക്തരെ കയറ്റി വിട്ടിരുന്നത്. 1991 മുതല്‍ 2018 വരെ ഹൈക്കോടതി വിധി പാലിച്ചിരുന്നു. ഒരു സംസ്ഥാന സര്‍ക്കാരും അതിനെതിരേ അപ്പീല്‍ നല്‍കിയില്ല. സ്ത്രീ പ്രവേശന നിരോധനം ഭരണഘടനാ വിരുദ്ധമാണെന്ന് കാട്ടി രാഷ്ട്രസേവിക സമിതിയുടെ നേതൃത്വത്തില്‍ അഡ്വ. പ്രേരണ കുമാരി, ഭക്തി സേഥി, സുധ പാല്‍, ലക്ഷ്മി ശാസ്ത്രി എന്നിവരാണ് 2006 ല്‍ സുപ്രീംകോടതിയെ സമീപിച്ചത്. വിവിധ സംഘടനകള്‍ ഈ കേസില്‍ കക്ഷി ചേര്‍ന്നു. മതവിശ്വാസവും ആചാരങ്ങളുമടങ്ങുന്ന പ്രശ്‌നമായതിനാല്‍ ഹിന്ദു മത പണ്ഡിതര്‍ അടങ്ങുന്ന കമ്മീഷനെ നിയോഗിച്ച് വിശ്വാസികളുടെ അഭിപ്രായം തേടണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. വിധി എന്തായാലും അതു നടപ്പാക്കുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് 12 വര്‍ഷം നീണ്ട കേസ് സുപ്രീംകോടതിയില്‍ നടക്കുന്നത്. 130 അഭിഭാഷകരാണ് മാറിമാറി കേസ് വാദിച്ചത്. സെപ്തംബര്‍ 28 ന് ഹൈക്കോടതി വിധി അസ്ഥിരപ്പെടുത്തിയുള്ള സുപ്രീംകോടതി വിധി നിലവില്‍ വന്നു. ഭരണഘടനയും നീതിന്യായ വ്യവസ്ഥയും നിലനില്‍ക്കുന്ന രാജ്യത്ത് സര്‍ക്കാരിന് സുപ്രീംകോടതി വിധി നടപ്പാക്കുകയേ നിര്‍വാഹമുള്ളൂ. കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന സ്ഥിതി അനുവദിക്കാനാകില്ല.
വിശ്വാസങ്ങളും ആചാരങ്ങളും രാഷ്ട്രീയവും വ്യക്തികളും ഭരണഘടനയ്ക്ക് താഴെയാണ്. വിധിയില്‍ എതിര്‍പ്പുള്ളവര്‍ പുനപരിശോധന ഹര്‍ജി നല്‍കട്ടെ. ആദ്യഘട്ടത്തില്‍ എല്ലാവരും വിധിയെ സ്വാഗതം ചെയ്തു. പിന്നീട് പലരും നിലപാട് മാറ്റി. ഈ അവസരം മുതലാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ദുരന്തങ്ങളെയെല്ലാം അതിജീവിക്കുന്നതിലടക്കം രാജ്യത്തിന്റെ മുഴുവന്‍ ജനപ്രീതി നേടി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. നിപ്പ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം സര്‍ക്കാര്‍ നേടി. പ്രളയവും ഓഖിയും ഒറ്റക്കെട്ടായി സര്‍ക്കാര്‍ നേരിട്ടു. കിട്ടിയ കച്ചിത്തുരുമ്പ് ഉപയോഗിച്ച് സര്‍ക്കാരിനെ പൂട്ടാനാണ് ശബരിമല വിഷയത്തില്‍ ചിലര്‍ ശ്രമിക്കുന്നത്. യഥാര്‍ഥ വിശ്വാസികളുടെ വിശ്വാസത്തെ സര്‍ക്കാര്‍ മാനിക്കുന്നുണ്ട്. നിഷ്‌ക്കളങ്ക വിശ്വാസികളുടെ ആശങ്ക മനസിലാക്കാന്‍ സര്‍ക്കാരിന് കഴിയും. ആചാരങ്ങളെന്ന് കരുതിയിരുന്ന പല അനാചാരങ്ങളെയും അതിജീവിച്ച് മുന്നോട്ട് വന്ന നാടാണിത്. കേരളം ഈ രൂപത്തില്‍ രൂപപ്പെട്ടതിനു പിന്നില്‍ വലിയ ചരിത്രമുണ്ട്. ഹിന്ദുക്കളില്‍ തന്നെയുള്ള മഹാഭൂരിപക്ഷത്തിന് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ള 80% ഹിന്ദുക്കള്‍ക്ക് ക്ഷേത്ര പ്രവേശനത്തിന് അനുമതിയുണ്ടായിരുന്നില്ല. ക്ഷേത്രപ്രവേശന വിളംബരം വന്നതിനു ശേഷവും പിന്നാക്ക വിഭാഗക്കാര്‍ക്ക് ക്ഷേത്രത്തിന്റെ പരിസരത്ത് കയറാന്‍ കഴിഞ്ഞിട്ടില്ല. ഗുരുവായൂരില്‍ പട്ടികജാതിക്കാര്‍ കയറിയാല്‍ കൃഷ്ണന്റെ ചൈതന്യത്തിന് കളങ്കമുണ്ടാകുമെന്ന് ചിലര്‍ വാദിച്ചിരുന്നു. വലിയ പോരാട്ടം ഇതിനെതിരേ നടന്നിരുന്നു. മാറുമറയ്ക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. മാറുമറയ്ക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ കല്ലുമാല ധരിച്ചിരുന്നു. 1921 ല്‍ മാറുമറച്ചതിന് സ്ത്രീയെ തല്ലിയ നാടാണിത്. ജാതിയില്‍ കുറഞ്ഞവര്‍ക്ക് മാറുമറയ്ക്കാന്‍ അവകാശമില്ലെന്നതായിരുന്നു അന്നത്തെ ആചാരം. എന്നാല്‍ പിന്നീട് മാറുമറയ്ക്കാനുള്ള അവകാശം സ്വന്തമാക്കി. സതി പോലുള്ള ദുരാചാരങ്ങള്‍ അവസാനിച്ചു. അത്തരത്തില്‍ നിരവധി വഴികള്‍ താണ്ടിയാണ് ഇന്നത്തെ അവസ്ഥയിലെത്തിയത്.
മാറ്റത്തെ പെട്ടെന്ന് ഉള്‍ക്കൊള്ളാനാകില്ല. പക്ഷേ നിഷ്‌ക്കളങ്കരായ വിശ്വാസികളെ ഇളക്കി വിട്ട് കലാപത്തിന് ശ്രമിക്കുന്നവരെ എന്തുവിലകൊടുത്തും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ട്. രാഹുല്‍ ഈശ്വറിനേപ്പോലുള്ളവര്‍ നടത്തിയ ഗൂഢാലോചനയുടെ ചുരുള്‍ അഴിയുകയാണ്. ശത്രു രാജ്യത്തെ നേരിടാന്‍ സൈന്യം തയാറാക്കുന്ന പോലെ പ്ലാന്‍ എ, പ്ലാന്‍ ബി മാതൃകയിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ചോര വീഴ്ത്തി നടയടപ്പിക്കാനുള്ള ചിന്ത കലാപ കലുഷിതമായ സാമൂഹ്യ അന്തരീക്ഷത്തിലേക്ക് കേരളത്തിന്റെ മനസിനെ കൊണ്ടുപോകലാണ്. അത്തരം പദ്ധതികള്‍ പ്രായോഗികമാക്കാന്‍ കൂടി അത്തരം വ്യക്തികള്‍ പരിശ്രമിക്കുന്നുണ്ടെന്ന് ഇതോടെ ബോധ്യമാവുകയാണ്. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക്, ന•-യ്ക്ക്, സദാചാര മൂല്യങ്ങള്‍ക്ക് ചേരാത്ത ഇത്തരം ദുഷ്പ്രവൃത്തികളെക്കുറിച്ച് സമൂഹം ചിന്തിക്കണം. തത്വമസിയുടെ ആസ്ഥാനവും മതേതരത്തിന്റെ മഹത്തായ പ്രതീകവുമായ പരിപാവന സന്നിധിയില്‍ ചോരവീഴ്ത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കും. ശബരിമല ഭക്തര്‍ക്കായി കോടികള്‍ മുടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.