കാക്കനാട്: എംപ്ലോയ്‌മെന്റ് വകുപ്പ് മുഖാന്തിരം ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ പദ്ധതിക്കായി അപേക്ഷിച്ചവരുടെ അര്‍ഹതാ നിര്‍ണ്ണയ കമ്മറ്റി യോഗം ചേര്‍ന്നു. എ.ഡി.എം എം.കെ കബീറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹാജരായ 178 അപേക്ഷകള്‍ പരിഗണിച്ചു. പരിഗണിച്ച എല്ലാ അപേക്ഷകളിലും ധനസഹായം അനുവദിക്കാര്‍ തീരുമാനിച്ചതായി എറണാകുളം ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എസ്. കൃഷ്ണകുമാര്‍ അറിയിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കുന്ന സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതിയായ കൈവല്യയുടെ ഭാഗമായാണ് സ്വയം സംരംഭങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നത്.
ഈ വര്‍ഷം ഒക്്‌ടോബര്‍ അവസാനം വരെ 191 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ കമ്മറ്റി മുമ്പാകെ ഹാജരായ 178 അപേക്ഷകര്‍ക്കും വായ്പ തുകയായ അമ്പതിനായിരം രൂപ ലഭ്യമാക്കും. പലിശരഹിതവായ്പയായി ലഭിക്കുന്ന ഈ തുകയില്‍ അമ്പത് ശതമാനം സബ്‌സിഡി ലഭിക്കും. ബാക്കി തുക 420 രൂപ വീതം 60 തവണകളായി തിരിച്ചടയ്ക്കണം. വായ്പയ്ക്ക് അര്‍ഹരായി കണ്ടെത്തിയവര്‍ക്ക് നെല്ലാട് ഗ്രാമീണ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആറ് ദിവസത്തെ പരിശീലനം നല്‍കും. 30 പേരടങ്ങുന്ന ബാച്ചുകളായിട്ടായിരിക്കും പരിശീലനം നല്‍കുന്നത്. 21 നും 55നും മദ്ധ്യേ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്ക് ഈ പദ്ധതിയില്‍ വായ്പയ്ക്കായി അപേക്ഷിക്കാം. അപേക്ഷകര്‍ വിദ്യാര്‍ത്ഥിയാകാന്‍ പാടില്ല. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. സംരംഭം സ്വന്തമായി നടത്തുവാന്‍ കഴിയാത്തത്ര അംഗവൈകല്യമുണ്ടെങ്കില്‍ അടുത്ത ബന്ധുവിനെകൂടി ഉള്‍പ്പെടുത്തി വായ്പ അനുവദിക്കും.
കൈവല്യ പദ്ധതിയുടെ ഭാഗമായുള്ള ഈ ആനുകൂല്യം അനുഭവിക്കുന്നവര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള താല്‍കാലിക സ്ഥിരം ജോലികള്‍ക്കും ശ്രമിക്കാവുന്നതുമാണ്. സ്വയം തൊഴില്‍ പദ്ധതികളുടെ സൗജന്യ അപേക്ഷ ഫാറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും അടുത്തുള്ള ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ സ്വയം തൊഴില്‍ വിഭാഗവുമായോ ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ബന്ധപ്പെടാവുന്നതാണ്.
ജില്ലയിലെ നാലാമത് കൈവല്യ ജില്ലാ കമ്മറ്റിയാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നത്. യോഗത്തില്‍ സബ് റീജണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.എന്‍ സുരേഷ് ബാബു, എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ. വിജയന്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പ്ലേസ്‌മെന്റ്) റെക്‌സ് തോമസ്, ഡി.എസ് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.