പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹകാരികളുടെ സഹകരണം അനിവാര്യമെന്ന് മന്ത്രി
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായ സഹകരണ മേഖലയിലെ സഹകാരികളുടെ സഹകരണം പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് അനിവാര്യമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വിഭവ സമാഹരണം നടത്തുന്നതുമായി ബന്ധപ്പെട്ട് എറണാകുളം, തൃശൂര്‍ ജില്ലകളിലെ സഹകരണ സംഘങ്ങളുടെ വിശദീകരണ യോഗം കാക്കനാട് ജില്ല സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയുടെ നേതൃത്വത്തില്‍ കെയര്‍ കേരളയുടെ കെയര്‍ ഹോം പദ്ധതിക്ക് കീഴില്‍ 4000 വീടുകളാണ് നിര്‍മ്മിച്ച് നല്‍കുന്നത്. 200 കോടി രൂപയാണ് ഇതിനാവശ്യമായി വരിക. ഇതില്‍ 75 കോടി ഉപയോഗിച്ച് ആദ്യഘട്ടത്തില്‍ 1500 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. 75 കോടി രൂപയാണ് ഇതിനായി സമാഹരിച്ചിരിക്കുന്നത്. 35 കോടി രൂപ സംഘത്തിന്റെ കൈയിലുണ്ടായിരുന്നു. ബാക്കി 40 കോടി കൂടി സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിച്ചു. ഇതില്‍ നിന്നാണ് തുക സഹകരണ സംഘങ്ങള്‍ക്ക് ലഭ്യമാക്കിയത്. 1500 ഗുണഭോക്താക്കളുടെ പട്ടിക ജില്ലയില്‍ നിന്ന് ലഭ്യമാക്കി വീട് നിര്‍മ്മിക്കുന്നതിനുള്ള നടപടി ആരംഭിക്കും. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിലായിരിക്കും ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കുക.
സഹകരണ സംഘങ്ങള്‍ക്കായിരിക്കും വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള ചുമതല. അഞ്ചു ലക്ഷം രൂപയാണ് ഓരോ വീടും നിര്‍മ്മിക്കുന്നതിന് സംഘങ്ങള്‍ക്ക് നല്‍കുക. ഓരോ വ്യക്തിയുടെയും ആവശ്യമനുസരിച്ചും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ചുമായിരിക്കും വീടുകള്‍ നിര്‍മ്മിക്കുക. ഇതിനാവശ്യമായ സാങ്കേതിക സഹായം എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളില്‍ നിന്ന് ലഭ്യമാക്കും. ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ നല്‍കും. വീട് നിര്‍മ്മിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായങ്ങള്‍ പ്രയോജനപ്പെടുത്താം. ജനകീയ പിന്തുണയോടെയാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക.
രണ്ടാം ഘട്ടത്തില്‍ 2500 വീടുകള്‍ കൂടി നിര്‍മ്മിക്കും. ഇതിനാവശ്യമായ 125 കോടി രൂപയുടെ വിഭവസമാഹരണമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. സഹകാരികളുടെ ഒരു വര്‍ഷത്തെ ലാഭ വിഹിതം ഇതിനായി സമാഹരിക്കും. ഈയിനത്തില്‍ 20 കോടി ലഭിച്ചുകഴിഞ്ഞു. ബാക്കി തുകയും ലഭ്യമാക്കുന്നതിന് സഹകരണ സംഘം അംഗങ്ങളുടെ സഹകരണം മന്ത്രി അഭ്യര്‍ഥിച്ചു.
പരസ്പര വിശ്വാസം കൊണ്ടും സ്‌നേഹം കൊണ്ടുമാണ് പ്രളയം മുറിച്ച് കടക്കാന്‍ നമുക്ക് കഴിഞ്ഞത്. മത്സ്യത്തൊഴിലാളികളുടെയടക്കം ത്യാഗസുരഭിലമായ പ്രവര്‍ത്തനമാണ് ദുരന്തഭൂമിയില്‍ നിന്ന് കേരളത്തെ രക്ഷിച്ചത്. പ്രളയത്തില്‍ 24,000 ത്തോളം വീടുകള്‍ പൂര്‍ണ്ണമായി ഒലിച്ചുപോകുകയും രണ്ട് ലക്ഷത്തോളം വീടുകള്‍ ഭാഗികമായി നശിക്കുകയും ചെയ്തിട്ടുണ്ട്. പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് പ്രത്യാശയുടെ പ്രകാശം നല്‍കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. 27000 കോടിയാണ് കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ലോക ബാങ്ക് കണക്കാക്കുന്നത്. ഇതിന് ദുരന്തനാളുകളുടേതിനു സമാനമായ കൂട്ടായ്മ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
തൃശൂര്‍ ജില്ല സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ സതീഷ് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ല സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.എസ്. ലൈല, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സഹകരണ സംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, അംഗങ്ങള്‍, സഹകരണ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.