നിര്‍മ്മാണം പൂര്‍ത്തിയായ 30 വീടുകള്‍ കൈമാറി
കൊച്ചി: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ സംസ്ഥാനത്തു നടക്കുന്ന മറ്റു പ്രശ്‌നങ്ങളെ പ്രതിസന്ധികളായി കാണില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍. പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്ന പ്രക്രിയ തുടരുക തന്നെ ചെയ്യും. പുനര്‍ നിര്‍മ്മാണ പ്രക്രിയ എന്നത് വലിയ പരിശ്രമമാണ്. പ്രളയ കാലത്ത് ഉണ്ടായ സഹകരണം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുന്നുകരയില്‍ ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
മൂന്ന് ഘട്ടങ്ങളായി നടപ്പാക്കുന്ന ലൈഫ് ഭവനപദ്ധതിയില്‍ ഒന്നും രണ്ടും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ജില്ല മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. സംസ്ഥാനത്താകെ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് ജില്ല നടത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നല്‍കുന്ന പദ്ധതികള്‍ ജനപ്രതിനിധികളുടെ ഇടപെടലുകള്‍ ഉള്ളതുകൊണ്ടുതന്നെ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നുണ്ട്. വീട് നിര്‍മ്മാണത്തിനാവശ്യമായ ഇഷ്ടിക പോലുള്ള അസംസ്‌കൃത വസ്തുക്കളുടെ നിര്‍മ്മാണം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വരുമാനമുണ്ടാക്കുന്നതാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പുകാര്‍ ചെയ്യുന്നതോടെ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനുമാകും. ഇത്തരത്തില്‍ എല്ലാ മേഖലയിലും നേട്ടമുണ്ടാകുന്ന രീതിയില്‍ ലൈഫ് പദ്ധതി മാറുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ 2018-19 സാമ്പത്തിക വര്‍ഷം ഉള്‍പ്പെടുത്തിയ 69 വീടുകളില്‍ 30 വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായിട്ടുള്ളത്.മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും നല്‍കാനുള്ള പണം സര്‍ക്കാരില്‍നിന്നും ത്രിതലപഞ്ചായത്തുകളില്‍നിന്നും അതേ സാമ്പത്തികവര്‍ഷംതന്നെ സമാഹരിയ്ക്കുക എന്ന നേട്ടം സംസ്ഥാനത്ത് കുന്നുകര പഞ്ചായത്ത് സ്വന്തമാക്കി. ശേഷിക്കുന്ന 39 വീടുകളുടെ നിര്‍മ്മാണം നവംബര്‍ 30നകം പൂര്‍ത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ അറിയിച്ചു.ലൈഫ് മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ എണസ്റ്റ് സി. തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി. കെ. ഇബ്രാഹിം കുഞ്ഞ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, പ്രൊഫ.കെ.വി.തോമസ് എം.പി, ലൈഫ് മിഷന്‍ സി.ഇ.ഒ എം .ശിവശങ്കര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.അബ്ദുള്‍ മുത്തലിബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.