കൊച്ചി: മൂവാറ്റുപുഴ നഗര വികസനത്തിന്റെ ഭാഗമായുള്ളറോഡ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം ജോയ്സ് ജോര്‍ജ് എം.പി നിര്‍വഹിച്ചു.പദ്ധതികള്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമ്പോഴാണ് യഥാര്‍ത്ഥ വികസനം സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ നഗര വികസന പദ്ധതി ഇതിന് തെളിവാണ്. ഏതൊരു വികസന പദ്ധതിക്കും സ്ഥലം ഏറ്റെടുക്കല്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. എന്നാല്‍ എല്ലാവരുടെയും കൂട്ടായ്മയാണ് ഇക്കാര്യത്തില്‍ മൂവാറ്റുപുഴയെ വിജയത്തില്‍ എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടൂറിസം മേഖലയ്ക്ക് ഏറെ സാധ്യതയുള്ള പ്രദേശമാണ് മൂവാറ്റുപുഴ. ഇടുക്കിയുടെ ടൂറിസം മേഖലയിലേക്കുള്ള കവാടമായ മൂവാറ്റുപുഴയുടെ വികസന സങ്കല്‍പ്പങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കൂട്ടായി പരിശ്രമിക്കേണ്ടതുണ്ട്. മൂവാറ്റുപുഴയുടെ ഗതാഗത രംഗത്ത് നഗരവികസനം തുടക്കമിട്ടു. നഗരവികസനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മൂവാറ്റുപുഴയില്‍ അത്യാധുനിക സംവിധാനത്തോട്കൂടിയ ബസ് ടെര്‍മിനല്‍ പദ്ധതി നടപ്പാക്കുമെന്നും ഇതിനായി40 ലക്ഷം രൂപ എം.പി.ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുണ്ടന്നും അടുത്ത വര്‍ഷം ഓഗസ്റ്റ് 15ന് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നുംഅദ്ദേഹം പറഞ്ഞു.
കച്ചേരിത്താഴത്ത് നടന്നയോഗത്തിന് ശേഷം എം.പി യുടെ നേതൃത്വത്തില്‍ പ്രകടനമായി ടി.ബി. ജംക്ഷനിലെത്തി റോഡിനായി ഏറ്റെടുത്ത ശ്രീമൂലം ക്ലബ്ബിന്റെ സ്ഥലത്ത് മണ്ണ് നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. നഗര വികസനത്തിന്റെ ഭാഗമായിട്ടുള്ള റോഡ് നവീകരണ പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്നമൂവാറ്റുപുഴ നിവാസികളുടെ ചിരകാല അഭിലാഷത്തിനാണ് ഇതോടെ തുടക്കമായത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രധാന റോഡുകള്‍ ഉള്‍പ്പടെ കടന്ന് പോകുന്ന നഗരത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരമാവുകയും ചെയ്യും.
കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി എം.സി.റോഡിലെ മറ്റ് ടൗണുകളെല്ലാം വികസിച്ചപ്പോള്‍ മൂവാറ്റുപുഴയില്‍ വെള്ളൂര്‍കുന്നം വരെയും പി.ഒ. ജംഗ്ഷന്‍ വരെയും റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി മൂവാറ്റുപുഴ നഗരത്തെ ഒഴിവാക്കുകയായിരുന്നു. പിന്നീട് നഗര വികസനം പല കാരണങ്ങളാല്‍ നീണ്ട് പോയി.
നഗര വികസനത്തിന്റെ ആവശ്യകത മനസിലാക്കി നടത്തിയ ഇടപെടലുകളും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തിയുമാണ് പദ്ധതിക്ക് ഇപ്പോള്‍ തുടക്കം കുറിക്കാന്‍ കഴിഞ്ഞതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴ നഗര വികസനത്തിന് 135 പേരുടെ സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 82 പേരുടെ സ്ഥലമേറ്റെടുത്തു. ഇതിനായി 17.30 കോടി രൂപ വിതരണം ചെയ്ത് കഴിഞ്ഞു. ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിനും, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുമായി 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഭൂഉടമകള്‍ക്ക് പണം നല്‍കി ഏറ്റെടുത്ത സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുന്നത്.
ഭൂമി ഏറ്റെക്കുമ്പോള്‍ ഏറ്റെടുക്കുന്ന സ്ഥലത്തെ താല്‍ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടന്നും എം.എല്‍.എ പറഞ്ഞു. ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് ഇനിയും 53 പേരുടെ സ്ഥലം ഏറ്റടുക്കണമെന്നും ഇതിനായി 39.25 കോടി രൂപയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് കിഫ്ബിയുടെ പരിഗണനയിലാണ്. 53 പേരുടെ ഭൂമി ഏറ്റെടുക്കുന്നതിന് 19.50 കോടി രൂപയും, വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകളും, കെ.എസ്.ഇ.ബി.യുടെ ഇലക്ട്രിക് പോസ്റ്റുകളും നീക്കം ചെയ്യുന്നതിന് 2.25 കോടി രൂപയും, റോഡ് നിര്‍മ്മാണത്തിന് 17.50 കോടി രൂപയും, അടക്കമുള്ള ഡീറ്റേല്‍ഡ് പ്രൊജക്ടാണ് കിഫ്ബിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. അടുത്ത കിഫ്ബി യോഗത്തില്‍ പദ്ധതിക്ക് അനുമതി ലഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
ചടങ്ങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ സ്വാഗതം പറഞ്ഞു. മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എം.എല്‍.എ ഗോപി കോട്ടമുറിയ്ക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍, കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ പി.എം. ഇസ്മയില്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ എ.വി. സുരേഷ്, ജോഷി സ്‌കറിയ, വള്ളമറ്റം കുഞ്ഞ്, ലീല ബാബു, ലത ശിവന്‍, ജോര്‍ഡി. എന്‍. വര്‍ഗീസ്, മുന്‍ നഗരസഭാ ചെയര്‍മാന്‍മാരായ എം.എ. സഹീര്‍, യു. ആര്‍. ബാബു, മേരി ജോര്‍ജ് തോട്ടം, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ആര്‍.ബിജു,എം.ആര്‍. പ്രഭാകരന്‍, ഷാജി മുഹമ്മദ്, മാത്യു ജോണ്‍, ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത, മുഹമ്മദ് ബദരി, അഷറഫ് മൗലവി, വി.കെ. നാരായണന്‍, അബ്ദുല്‍ റഹ്മാന്‍, ജോസുകുട്ടി.ജെ. ഒഴുകയില്‍, ഡോ.എം.സി. ജോര്‍ജ്, വി.ആര്‍.സജീവ് എന്നിവരും, റവന്യൂ, കെ.എസ്.ടി.പി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.