നിഷ്പക്ഷമായ അന്വേഷണമാണ് കേരളത്തിൽ ഇന്ന് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടൂർ പരുത്തപ്പാറയിലെ കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയൻ ആസ്ഥാനത്ത് പരിശീലനം പൂർത്തിയാക്കിയ 411 സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുറ്റവാളി എത്ര പ്രബലനായാലും നിയമത്തിന്റെ മുന്നിൽ കുറ്റവാളിയാണോ എന്നതുമാത്രമേ പ്രശ്‌നമുള്ളു. പ്രബലനോ, അല്ലയോ എന്നതൊന്നും അന്വേഷിക്കുന്ന പോലീസ് നോക്കേണ്ട കാര്യമില്ല. നിയമപരമായി കാര്യങ്ങൾ നടത്തുക. സ്വതന്ത്രമായി നിഷ്പക്ഷമായി നീതി നിർവഹിക്കുക എന്നതാണ് ഈ കാലത്ത് കേരളാ പോലീസ് ചെയ്യുന്നതെന്ന് എല്ലാവരും മനസിലാക്കി കഴിഞ്ഞിട്ടുള്ള കാര്യമാണ്. പുതിയ സേനാംഗങ്ങൾ ഇതു മാതൃകയായി സ്വീകരിക്കണം. മൃദു ഭാവേ ദൃഢ കൃത്യേയെന്ന പോലീസിന്റെ ആപ്തവാക്യം മനസിലുണ്ടാകണം. മൃദുഭാവേയെന്നത് ജനങ്ങളോടുള്ള മൃദു ഭാവമാണ്. ദൃഢകൃത്യമെന്നത് കർത്തവ്യം നിർവഹിക്കുമ്പോൾ ചാഞ്ചല്യമുണ്ടാകരുത്. ദൃഢമായ മനസോടെ കർത്തവ്യം നിർവഹിക്കാൻ പോലീസ് സേനാംഗങ്ങൾക്കാകണം.
പോലീസിന്റെ കൃത്യമായ പ്രവർത്തനം നടക്കുന്നതിനും കാര്യക്ഷമതയോടെ കാര്യങ്ങൾ നിറവേറ്റുന്നതിനും സേനാംഗങ്ങളുടെ എണ്ണം വർധിക്കേണ്ടതുണ്ട്. പോലീസ് സേനാംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണ്. ഇതോടൊപ്പം തന്നെ പോലീസിലുള്ള വനിതകളുടെ എണ്ണം ആനുപാതികമായി വർധിപ്പിക്കുന്നതിനുള്ള നടപടിയും സർക്കാർ സ്വീകരിച്ചു. സ്ത്രീകൾക്ക് നല്ല സുരക്ഷയൊരുക്കാൻ നമ്മുടെ സമൂഹത്തിന് കഴിയേണ്ടതായിട്ടുണ്ട്. സ്ത്രീ സുരക്ഷ നല്ല രീതിയിൽ ഉറപ്പാക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും ഇവിടെയും ചിലപ്പോൾ ചില അനിഷ്ഠ സംഭവങ്ങൾ ഉണ്ടാകുന്നുവെന്നത് നാം ഗൗരവത്തോടെ കാണണം. ഒരു വിട്ടുവീഴ്ചയും അക്രമികളോട് കാണിക്കാൻ പറ്റില്ല. സ്ത്രീ സുരക്ഷ ഏറ്റവും പ്രധാനമായി കണ്ടു കൊണ്ട് നീങ്ങണം. ഇതേപോലെ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഒരു ഭാഗത്ത് നടക്കുന്നു. ചിലയിടങ്ങളിൽ അപൂർവമായ തോതിലാണെങ്കിലും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന നിലയുമുണ്ട്. ഇത്തരം കാര്യങ്ങളിലും ശക്തമായ ഇടപെടൽ നടത്തുന്ന പോലീസാണ് കേരളത്തിലേത്. ഈ പ്രവർത്തനം തുടരുന്നതിനൊപ്പം ശക്തിപ്പെടുത്തുകയും വേണം. ഇതോടൊപ്പം തന്നെ മയക്കുമരുന്നിന്റെ വ്യാപനം വലിയ ഉത്കണ്ഠയുളവാക്കുന്ന കാര്യമാണ്. നമ്മുടെ നാടിന്റെ ഭാവിയെ തകർക്കുന്നതിനുള്ള ബോധപൂർവമായ നീക്കമായിട്ടാണ് അതിനെ കാണേണ്ടത്. ഇത്തരം കാര്യങ്ങളിലും മറ്റ് ഏജൻസികളുമായി സഹകരിച്ച് ഗൗരവത്തോടെ ഇടപെടാൻ പോലീസിന് കഴിയണം. നടക്കുന്ന കുറ്റകൃത്യങ്ങൾ കൃത്യമായി രജിസ്റ്റർ ചെയ്തു പോകുന്നതാണ് കേരളീയ സമൂഹം. രജിസ്റ്റർ ചെയ്യപ്പെടുന്ന എല്ലാ കേസുകളും ഉയർന്നു വരുന്ന എല്ലാ പ്രശ്‌നങ്ങളും കാര്യക്ഷമതയോടെ അന്വേഷിക്കണം.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ജനമൈത്രി പോലീസാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ജനങ്ങളുമായി അടുത്ത ബന്ധം നിലനിർത്തുകയെന്നതാണ് ഉദ്ദേശിക്കുന്നത്. പഴയ കാലത്ത് ജനങ്ങളിലെ ഒരു ചെറുവിഭാഗത്തെ മാത്രമാണ് പോലീസ് കണ്ടിരുന്നത്. നാട്ടിലുള്ള പ്രമാണിമാർ, ഇവർ നാടുവാഴികളോ, ജന്മിമാരോ, മുതലാളിമാരോ ആകാം. ഇവർക്കുവേണ്ടി പ്രവർത്തിക്കലാണ് തങ്ങളുടെ ബാധ്യത എന്നതായിരുന്നു അക്കാലത്ത് പോലീസ് കരുതിയിരുന്നത്. എന്നാൽ, ഇന്ന് വലിയ മാറ്റം പോലീസിന് അകത്തു തന്നെ വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജനങ്ങളെന്നത് യഥാർഥ അർഥത്തിൽ നമ്മുടെ നാട്ടിലെ എല്ലാ ജനവിഭാഗങ്ങളുമാണ്. പ്രത്യേകിച്ച് നീതി എപ്പോഴും ലഭിക്കാൻ അർഹതപ്പെട്ട പാവപ്പെട്ടവരും സാധാരണക്കാരുമായ ബഹുജനങ്ങൾ. ഇവരോട് സൗഹൃദപരമായ നില സ്വീകരിക്കുക എന്നതാണ് ജനമൈത്രി പോലീസ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ പോലീസിന്റെ കാര്യക്ഷമത ഉയർത്തുന്നതിനുള്ള ഒട്ടേറെ നടപടികൾ അടുത്തകാലത്ത് പോലീസിൽ നടപ്പാക്കിയിട്ടുണ്ട്. പോലീസ് സ്‌റ്റേഷന്റെ ചുമതല എസ്‌ഐമാർക്കായിരുന്നു. കാര്യങ്ങളിൽ കുറേക്കൂടി ഫലപ്രമായ ഇടപെടൽ ഉണ്ടാകണമെന്നതുകൊണ്ട് സ്റ്റേഷന്റെ ചുമതല സിഐ മാരിലേക്കു മാറ്റുന്ന പ്രക്രിയ ആരംഭിച്ചിരിക്കുകയാണ്.
രാജ്യത്തെ തന്നെ ഏറ്റവും വലിയ മതനിരപേക്ഷ തീർഥാടന കേന്ദ്രമായ ശബരിമലയിലെ തീർഥാടനം നടന്നു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ നടക്കുന്ന പാസിംഗ് ഔട്ട് പരേഡിന് പ്രത്യേകതയുണ്ട്. മതനിരപേക്ഷതയുടെ പ്രതീകമായ ശബരിമല തീർഥാടന സമയത്ത് പരിശീലനം പൂർത്തിയാക്കുന്നുവെന്നത് ഇന്നു നമ്മുടെ രാജ്യത്ത് ശക്തമായ രീതിയിൽ ഉണ്ടാകേണ്ട മതനിരപേക്ഷതയെ സംരക്ഷിക്കാനുള്ള വികാരം പുതിയ സേനാംഗങ്ങളിൽ ഓരോരുത്തരിലും ശക്തമായി തന്നെ നിലനിൽക്കുന്നതിന് ഇടയാക്കും. പുതിയ പോലീസ് സേനാംഗങ്ങളിൽ ഭൂരിഭാഗം പേരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ഇത് പോലീസിന് ഒരു പുതിയ മുഖം നൽകും. ഇത് പോലീസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് വലിയ തോതിൽ സഹായിക്കും. പോലീസ് എങ്ങനെ പ്രവർത്തിക്കണം എന്നതിനെക്കുറിച്ച് പോലീസിനു തന്നെ ഇപ്പോൾ വ്യക്തമായ കാഴ്ചപ്പാടുണ്ട്. ബ്രിട്ടീഷ് സാമ്ര്യാജ്യതത്വത്തിൻ കീഴിൽ നമ്മുടെ നാട്ടിലെ ജനങ്ങളെ ശത്രുക്കളായി കാണുന്ന രീതിയായിരുന്നു പോലീസിനുണ്ടായിരുന്നത്. നമ്മുടെ നാട്ടിൽ ഈ പഴയ നില ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ല. കേരളത്തിലാണ് പഴയതിൽ നിന്നു വ്യത്യസ്തമായ ഒരു മുഖം പോലീസിന് ആദ്യമായി കൈവന്നത്. കേരളം രൂപം കൊണ്ടതിനു ശേഷം ആദ്യം അധികാരത്തിലേറിയ മുഖ്യമന്ത്രി ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് പോലീസിന് പുതിയ മുഖം നൽകുന്ന പോലീസ് നയം പ്രഖ്യാപിച്ചത്. പോലീസ് തീർത്തും വ്യത്യസ്തമായ മുഖത്തോടെ ജനങ്ങളെ സൗഹൃദപരമായി സമീപിക്കുന്ന നിലയോടെ പ്രവർത്തിക്കാൻ ബാധ്യതപ്പെട്ട സേനയാണ്. പക്ഷേ, ചില ഘട്ടങ്ങളിൽ ഈ കാര്യം മറന്ന് പോലീസ് സേനയിൽ ചിലർ പ്രവർത്തിക്കാറുണ്ട്. ഇത്തരം കാര്യങ്ങൾ ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ല. ജനങ്ങളോട് നല്ല സൗഹൃദത്തോടെ വേണം പോലീസ് പ്രവർത്തിക്കാൻ. പുതിയ സേനാംഗങ്ങൾ സർവീസ് കാലയളവിൽ ഉടനീളം ഊർജസ്വലമായ പ്രവർത്തനം കാഴ്ചവയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിറ്റയം ഗോപകുമാർ എംഎൽഎ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, സായുധ സേനാ ബറ്റാലിയൻ എഡിജിപി സുധേഷ് കുമാർ, സായുധ സേനാ ബറ്റാലിയൻ ഡിഐജി ഷെഫിൻ അഹമ്മദ്, കെഎപി മൂന്നാം ബറ്റാലിയൻ കമാൻഡന്റ് സിറിൽ സി വള്ളൂർ, കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്റ് ബാസ്റ്റിൻ സാബു, സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, മുൻ എംഎൽഎ ആർ. ഉണ്ണികൃഷ്ണപിള്ള, തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കെഎപി മൂന്നാം ബറ്റാലിയൻ ഡെപ്യുട്ടി കമാൻഡന്റ് കെ.ടി. ചാക്കോ പോലീസ് സേനാംഗങ്ങൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. അടൂർ കെഎപി മൂന്നാം ബറ്റാലിയനിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ 281 പേരും കുട്ടിക്കാനം കെഎപി അഞ്ചാം ബറ്റാലിയനിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ 130 പേരും ഉൾപ്പെടെ 411 സേനാംഗങ്ങളാണ് സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. പരിശീലന കാലയളവിൽ മികവു പുലർത്തിയ സേനാംഗങ്ങൾക്കുള്ള പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു.