വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള പദ്ധതിക്കും കാര്‍ഷിക വികസനം, പട്ടികജാതി-പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ സമഗ്ര പുരോഗതി, വിദ്യാഭ്യാസം, ആരോഗ്യം, നഗര ശുചിത്വം, തെരുവു വിളക്കുകളുടെ പരിപാലനം, മാലിന്യ സംസ്‌ക്കരണം എന്നിവക്കും മുന്‍ഗണന നല്‍കി മാനന്തവാടി നഗരസഭ ബജറ്റ്.

നഗരസഭ കാര്യാലയം, ബസ് ടെര്‍മിനല്‍, ടൗണ്‍ ഹാള്‍, ജൈവ വൈവിധ്യ പഠനകേന്ദ്രം, ബസ് വേ, ടോയ്ലറ്റ് ബ്ലോക്കുകള്‍, മേഖലാ ഓഫീസുകള്‍, കെ സ്മാര്‍ട് സേവന കേന്ദ്രങ്ങള്‍, വിശ്രമകേന്ദ്രം, സ്റ്റേഡിയം, ഫ്ളൈ ഓവറുകള്‍, ഹോള്‍സെയില്‍ മത്സ്യ മാര്‍ക്കറ്റ്, പൊതു മാര്‍ക്കറ്റുകള്‍, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററുകള്‍ എന്നിവയുടെ നിര്‍മ്മാണം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നടത്തുന്ന അയ്യങ്കാളി തൊഴില്‍ ദാന പദ്ധതി, സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി, തെളിനീര്‍ അമൃത് 2.0 സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി, ടൗണ്‍ നവീകരണം തുടങ്ങിയ പദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

മാനന്തവാടി നഗരസഭ 2024-25 വര്‍ഷത്തെ ബജറ്റ് നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷയായി. യോഗത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരണമടഞ്ഞ പനച്ചിയില്‍ അജീഷിന് നഗരസഭ അനുശോചനം രേഖപ്പെടുത്തി. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ ലേഖാ രാജീവന്‍, വിപിന്‍ വേണുഗോപാല്‍, പി.വി.എസ് മൂസ, പാത്തുമ്മ ടീച്ചര്‍, അഡ്വ സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ പി.വി ജോര്‍ജ്, അബ്ദുള്‍ ആസിഫ്, അശോകന്‍ കൊയിലേരി, വി.ആര്‍ പ്രവീജ്, അരുണ്‍കുമാര്‍, വി.യു ജോയ്, വര്‍ഗീസ് ജേക്കബ്, ബാബു പുളിക്കല്‍, സീമന്ദിനി സുരേഷ്, സുനില്‍ കുമാര്‍, നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പള്ളി എന്നിവര്‍ സംസാരിച്ചു.