- ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാൻ നീലക്കവറിൽ നൽകും
- മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ എ.എം.ആർ. ഉന്നതതല യോഗം
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാർസാപ്പിന്റെ (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) ഭാഗമായി ശക്തിപ്പെടുത്തിയ ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയിലൂടെ രാജ്യത്തെ ആദ്യത്തെ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കുന്ന സംസ്ഥാനമായി കേരളം മാറി. എറണാകുളം ജില്ലയാണ് ആന്റിബയോഗ്രാം പുറത്തിറക്കിയത്. എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും എ.എം.ആർ. കമ്മിറ്റികൾ രാജ്യത്ത് ആദ്യമായി കേരളത്തിൽ രൂപീകരിച്ചിരുന്നു. അവയുടെ പ്രവർത്തനഫലമായാണ് എറണാകുളം ജില്ലയ്ക്ക് ഇത് പുറത്തിറക്കാൻ സാധിച്ചത്. കാർസാപ്പ് അവലോകന യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കിത്. ലോക എ.എം.ആർ. അവബോധ വാരാചണത്തോടനുബന്ധിച്ചും ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായും കേരളം ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള പുസ്തകവും മന്ത്രി പുറത്തിറക്കി.
എല്ലാ ജില്ലകളുടേയും ആന്റിബയോഗ്രാം വരും വർഷങ്ങളിൽ പുറത്തിറക്കുക എന്നുള്ളതാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. 11 ജില്ലകളിൽ ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയിൽ ലാബ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. എല്ലാവർഷവും പുറത്തിറക്കുന്ന കാർസ്നെറ്റ് ശൃംഖലയിലൂടെയുള്ള കാർസാപ്പ് ആന്റിബയോഗ്രാം വഴി ത്രിതല ആശുപത്രികളിലെ എ.എം.ആർ. രീതിയാണ് പഠിച്ചുകൊണ്ടിരുന്നത്. എന്നാൽ ജില്ലാതല ആന്റിബയോഗ്രാമിലൂടെ പ്രാഥമിക, ദ്വിതീയതല ആശുപത്രികളിലെ എ.എം.ആർ. (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) ട്രെന്റ് മനസിലാക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മനുഷ്യന്റെ കാര്യത്തിൽ മാത്രമല്ല മൃഗസംരക്ഷണ മേഖലയിലും ഫിഷറീസ്, അക്വാകൾച്ചർ മേഖലയിലും ഭക്ഷ്യമേഖലയിലുമൊക്കെയുള്ള എ.എം.ആർ. ട്രെന്റിനെപ്പറ്റിയും എ.എം.ആർ. കുറയ്ക്കുന്നതിനുമായുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനേയും പറ്റിയുമുള്ള ചർച്ചകൾ നടന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഡ്രഗ്സ് കൺട്രോൾ വിഭാഗം നടപ്പിലാക്കിയ ഓപ്പറേഷൻ അമൃതിന്റെ പുരോഗതിയും അവലോകനം ചെയ്തു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്നതല്ല എന്ന പോസ്റ്റർ എല്ലാ മെഡിക്കൽ സ്റ്റോറുകളിലും പതിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചിട്ടുള്ള പരിശോധനകൾ കർശനമാക്കാനും നിർദേശം നൽകി.
ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി എറണാകുളത്ത് നടപ്പിലാക്കിയ ആന്റിബയോട്ടിക്കുകൾ നീലക്കവറിൽ നൽകുന്ന രീതി സംസ്ഥാനം മുഴുവൻ നടപ്പിലാക്കും. ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾക്ക് പ്രത്യേക എംബ്ലവും സർട്ടിഫിക്കറ്റും നൽകും.
മത്സ്യകൃഷി, കോഴി വളർത്തൽ, മൃഗപരിപാലനം എന്നിവയിൽ ഒരുപോലെ തന്നെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ ആവശ്യകതയും അതിന്റെ ഭാഗമായി നടക്കുന്ന പഠനങ്ങളും യോഗത്തിൽ ചർച്ചയായി. സംയോജിത പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ഉയർന്നുവന്നു. മനുഷ്യരിൽ മാത്രമല്ല മൃഗപരിപാലനം, കോഴിവളർത്തൽ, മത്സ്യകൃഷി തുടങ്ങിയവയിലും അശാസ്ത്രീയമായ രീതിയിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനു പുറമേ പരിസ്ഥിതിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ പോലും ആന്റിബയോട്ടികുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ബാക്ടീരിയകളെയും ജീനുകളെയും കണ്ടെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സയന്റിഫിക് അഡൈ്വസർ ഡോ. എം.സി. ദത്തൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻബാബു, ഡെപ്യൂട്ടി സെക്രട്ടറി ശിഖ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ ഡോ. ഡി. മീന, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. നന്ദകുമാർ, പൊല്യൂഷൻ കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി ഷീല എ.എം., കർസാപ്പ് നോഡൽ ഓഫീസർ ഡോ. മഞ്ജുശ്രീ, വർക്കിംഗ് കമ്മിറ്റി കൺവീനർ ഡോ. അരവിന്ദ്, ഡി.എച്ച്.എസ്. നോഡൽ ഓഫീസർ ഡോ. ശിവപ്രസാദ്, എ.എം.ആർ. സർവയലൻസ് നോഡൽ ഓഫീസർ ഡോ. ജ്യോതി, ഡോ. ആര്യ, എസ്.എച്ച്.എസ്.ആർ.സി. എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ജിതേഷ്, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടർ ഡോ. സുനിജ, ഡ്രഗ്സ് കൺട്രോളർ ഡോ. സുജിത് കുമാർ, നോഡൽ ഓഫീസർ ഷാജി വർഗീസ്, മൈക്രോബയോം പ്രോജക്ട് ഡയറക്ടർ ഡോ. സാബു തോമസ്, ഫിഷറീസ് ആന്റ് അക്വകൾച്ചർ വിഭാഗത്തിലെ ഡോ. രാഹുൽ, മൃഗസംരക്ഷണ വകുപ്പിലെ ഡോ. പ്രവീൺ പുന്നൂസ്, ഡോ. ഷീല ലാലി, സ്റ്റുഡന്റ് എഡ്യൂക്കേഷൻ നോഡൽ ഓഫീസർ ഡോ. റിയാസ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആയുഷ് വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.