അങ്കണവാടികളെ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഹൈടെക് ആക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വനിത ശിശു വികസന വകുപ്പിന്റെ പോഷകാഹാര വാരാചരണത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കളിച്ചും ചിരിച്ചും ചിന്തിച്ചും വളര്‍ന്നാലേ കുട്ടികള്‍ പ്രതിഭകളാകൂ. റെഡിമെയ്ഡായി വളരുന്ന കുട്ടികള്‍ക്ക് പലവിധ പ്രശ്നങ്ങളുമുണ്ട്. അങ്കണവാടികളിലേയ്ക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കണമെങ്കില്‍ എല്ലാവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണം. അങ്കണവാടികളെ പ്രീസ്കൂള്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍ മാത്രമേ മാതാപിതാക്കള്‍ കുട്ടികളെ അവിടേയ്ക്ക് കൊണ്ടുവരാന്‍ തയാറാകുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
സാമൂഹികനീതി വനിത ശിശുവികസന വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഐഷാ ബേക്കര്‍ ആശംസ നേര്‍ന്നു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് സ്വാഗതവും അഡീഷണല്‍ ഡയറക്ടര്‍ വി.എസ്.വേണു നന്ദിയും പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് വെബ്സൈറ്റ് ഉദ്ഘാടനം, അങ്കണവാടി ജീവനക്കാരുടെ യൂണിഫോം വിതരണോദ്ഘാടനം, ശൈശവകാല പോഷകാഹാര ബോധവത്കരണ ലഘുലേഖ പ്രകാശനം, പോഷകാഹാര പ്രദര്‍ശന വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.
