കുടുംബശ്രീയുടെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തങ്ങളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. 27 സി.ഡി.എസുകൾ രചിച്ച 27 പുസ്തകങ്ങളുടെ പ്രകാശനമാണ് നിർവഹിച്ചത്. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന് അധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി ചരിത്രം രചിച്ചവര്‍ ചരിത്രമെഴുതുന്നു എന്ന വിഷയത്തിൽ ടോക്ക് ഷോ സംഘടിപ്പിച്ചു. കുടുംബശ്രീയുടെ ആദ്യകാല പ്രവർത്തകരായ ബീന വിജയന്, യഹ്യാഖാന്‍ തലക്കല്‍, ജയ മുരളി എന്നിവര്‍ കുടുംബശ്രിയുടെ അനുഭവങ്ങൾ പങ്കുവെച്ചു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ കെ.എം സലീന, വി.കെ റജീന, മുട്ടില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ബീന മാത്യൂ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.കെ സുഹൈല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
