പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ ജില്ലയിൽ 49847കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് ലഭ്യമാക്കി. ജില്ലാതല ഉദ്ഘാടനം വൈത്തിരി താലൂക് ആശുപത്രിയിൽ ടി സിദ്ധീഖ് എം എൽ എ നിർവ്വഹിച്ചു. 864 പോളിയോ ബൂത്തുകളിലായാണ് കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകിയത്. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 23 ബൂത്തുകളും മാള്‍, ബാസാര്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും പോളിയോ ബൂത്തുകള്‍ ഒരുക്കിയിരുന്നു. വിവിധ കാരണങ്ങളാൽ ബൂത്തുകളിലെത്തി പോളിയോ സ്വീകരിക്കാൻ കഴിയാത്ത കുട്ടികള്‍ക്ക് ഇന്നും നാളെയും (മാർച്ച് 4,5) പരിശീലനം ലഭിച്ച ആശാ പ്രവർത്തകരും വളണ്ടിയിർമാരും വീടുകളിലെത്തി പോളിയോ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ദിനീഷ് അറിയിച്ചു.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായിരുന്ന പരിപാടിയിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.പി ദിനീഷ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, സ്റ്റേറ്റ് ചാർജ് ഓഫീസർ ഡോ വി.ജിതേഷ്, ഗ്രാമ പഞ്ചായത്ത് അംഗം ഒ. ജനിഷ, വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ ആളൂർ, ഡെപ്യൂട്ടി ഡി എം ഒ ഡോ പ്രിയ സേനൻ, ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ഡി.എൽ. ഒ എ.എൻ ഷീബ, എം.സി.എച്ച് ഓഫീസർ ഇൻചാർജ് കെ.എം നബീസ, ജെ.എച്ച് ഐ മുജീബ് സലീം, പി.എച്ച്. എൻ ബിന്ദു, എന്നിവർ സംസാരിച്ചു.
പൾസ് പോളിയോ സ്വീകരിച്ച് കുഞ്ഞ് എവലിൻ
വൈത്തിരി താലൂക്ക് ആശുപത്രിയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ ആദ്യ തുള്ളിമരുന്ന് സ്വീകരിച്ച് കുഞ്ഞ് എവ്‌ലിൻ. ഒറീസ സ്വദേശിനി ലക്ഷ്മി സിംഗ് റായിൻ്റെയും യു.എസ്.എ പൗരൻ ഐറിക് റായിൻ്റെയും മകളാണ് നാല് മാസം പ്രായമുള്ള എവലിൻ. അതിരാവിലെ തന്നെ പോളിയോ സ്വീകരിക്കാൻ ദമ്പതികൾ ആശുപത്രിയിൽ എത്തി. വയനാടിനെ ഏറെ സ്നേഹിക്കുന്ന ഇവർ 9 മാസം മുൻപാണ് ജില്ലയിലെത്തിയത്. ജില്ലയിൽ സ്ഥിര താമസമാക്കാനുള്ള ഒരുക്കത്തിലാണ് ദമ്പതികൾ.