ഉദ്ഘാടനം പടിവാതിൽക്കൽ എത്തി നിൽക്കുന്ന  കണ്ണൂർ വിമാനത്താവളത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങൾ  മുഖ്യമന്ത്രി വിലയിരുത്തി. ആഗമന- നിർഗമന ടെർമിനലുകൾ, ബാഗേജ് പരിശോധനാ സംവിധാനങ്ങൾ, എയർ ട്രാഫിക് കൺട്രോൾ ടവർ, സിസിടിവി കൺട്രോൾ റൂം തുടങ്ങിയവ മുഖ്യമന്ത്രി നേരിൽ കണ്ട് ക്രമീകരണങ്ങൾ വിലയിരുത്തി. വിമാനത്താവളത്തിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നതിനായി സാജു തുരുത്തിൽ തയ്യാറാക്കിയ 16.56 മീറ്റർ നീളവും 11 മീറ്റർ ഉയരവുമുള്ള തെയ്യരൂപം, മലബാറിലെ പ്രാദേശിക കലാരൂപങ്ങൾ ഉൾക്കൊള്ളിച്ച് ഹരീന്ദ്രൻ ചാലാട്  ഒരുക്കിയ ചുവർ  ചിത്രങ്ങൾ എന്നിവയും  മുഖ്യമന്ത്രി  നേക്കിക്കണ്ടു. ശേഷം വിമാനത്താവളം ഉദ്ഘാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെ കുറിച്ച് മുഖ്യമന്ത്രി  മുതിർന്ന ഉദ്യോഗസ്ഥരുമായി  ചർച്ച നടത്തി.
മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, കിയാൽ എംഡി വി തുളസീദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടർ മീർ മുഹമ്മദലി, ഉത്തരമേഖലാ ഐജി ബൽറാം കുമാർ ഉപാധ്യായ, എസ്പി ജി ശിവവിക്രം, വിമാനത്താവളം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കെ പി  ജോസ്, ചീഫ് ഓപ്പറേറ്റിംഗ് എഞ്ചിനീയർ ഷിബുകുമാർ, സിഐഎസ്എഫ് കമാൻറർ ഡി  എസ് ഡാനിയേൽ ധൻരാജ് തുടങ്ങിയവർ സന്ദർശന വേളയിൽ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.