ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും വലിയ മഹോത്സവമാണ് തിരഞ്ഞെടുപ്പെന്ന് സബ് കളക്ടർ കെ മീര. സെന്റ് തെരേസാസ് കോളേജിൽ സ്വീപ്പിൻ്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻ്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം) ഭാഗമായി സംഘടിപ്പിച്ച ഇലക്ഷൻ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സബ് കളക്ടർ. ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക അവകാശങ്ങളെ സംരക്ഷിക്കുന്ന അവകാശമാണ് വോട്ടവകാശം. എല്ലാവരും വോട്ടവകാശം ഉപയോഗപ്പെടുത്തണം.
സമത്വം പലയിടത്തും തടസപ്പെടുന്നുണ്ട്. പക്ഷേ പോളിംഗ് ബൂത്തിൽ നമ്മൾ എല്ലാവരും തുല്യരാണ്. സ്വാതന്ത്ര്യം നേടിത്തന്നവർക്ക് നമ്മൾ ഓരോരുത്തരും വോട്ട് ചെയ്തു നന്ദി അറിയിക്കണം. വോട്ട് ചെയ്യുന്നതിലൂടെ തിരഞ്ഞെടുപ്പിൽ നമ്മൾ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കുകയാണ്. എല്ലാവരും അഭിമാനത്തോടെ വോട്ട് രേഖപ്പെടുത്തണമെന്നും സബ് കളക്ടർ പറഞ്ഞു.
എൻഎസ്എസ് വോളന്റിയർമാർ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കണം. പരമാവധി എല്ലാവരെയും പോളിംഗ് ബൂത്തിലേക്ക് എത്തിക്കണമെന്നും എല്ലാവരും വോട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സബ് കളക്ടർ നിർദ്ദേശിച്ചു.
ജില്ലാ ഭരണകൂടവും, എൻഎസ്എസ് യൂണിറ്റ് 41, ഇലക്ടറൽ ലിറ്ററസി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ കൊച്ചി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടിസ്, സെന്റ് തെരേസസ് കോളേജ് പ്രിൻസിപ്പാൾ ഡോ. അൽഫോൻസ വിജയ ജോസഫ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ശിൽപ ജോസ്, എൽസബത്ത് എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.