കോതച്ചിറ ഗവ യു.പി. സ്‌കൂളിലെ പുതിയ കെട്ടിട നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്നും അനുവദിച്ച 1.20 കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനകം മണ്ഡലത്തിലെ 38 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി 49.67 കോടി രൂപ ലഭ്യമാക്കി. മണ്ഡലത്തില്‍ ഫണ്ട് ലഭിക്കാത്ത ഏതെങ്കിലും സ്‌കൂള്‍ ഉണ്ടെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്ലാന്‍ ഫണ്ട് ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ തൃത്താലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലും പ്ലാന്‍ ഫണ്ട് ലഭിക്കാന്‍ ബാക്കിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജ്, കൂട്ടക്കടവ് പദ്ധതികളുടെ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. തൃത്താല ആശുപത്രി പ്രവൃത്തി ടെന്‍ഡര്‍ സ്റ്റേജിലാണ്. എല്ലാ മേഖലയിലും മൂന്നുവര്‍ഷം കൊണ്ട് ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം കിട്ടിയാല്‍ ഈ മൂന്നുവര്‍ഷം കൊണ്ട് ചെയ്തതിന്റെ ഇരട്ടി പ്രവൃത്തികള്‍ ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം പ്രിയ സുരേഷ്, പ്രധാനധ്യാപിക കെ. പുഷ്പലത, തൃത്താല എ.ഇ.ഒ പി.വി സിദ്ദിഖ്, തൃത്താല ബി.പി.സി കെ. പ്രസാദ്, പി.ടി.എ പ്രസിഡന്റ് പി.വി നിഷാദ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.