ഏകദിന ശിൽപ്പശാല മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

നിലവിൽ സർവകലാശാലകൾക്ക് ലഭ്യമാക്കുന്ന ഇ ജേണൽ പ്ലാറ്റ് ഫോം സേവനം കോളേജുകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന ഇ- ജേണൽ കൺസോർഷ്യവുമായി ബന്ധപ്പെട്ട ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഓൺലൈൻ ജേണലുകൾ സൗജന്യമായി ലഭിച്ചിരുന്നത് യു ജി സി നിർത്തലാക്കിയ പശ്ചാത്തലത്തിലാണ് പരമാവധി ഇ ജേണലുകൾ സമാഹരിച്ചു നമ്മുടെ ഗവേഷകർക്കും അധ്യാപകർക്കും എത്തിക്കുന്നതിനുള്ള നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ചത്. നൂതനത്വവും ഏറ്റവും പുതിയ ഗവേഷണാത്മക കണ്ടെത്തലുകളും വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും സമയബന്ധിതമായി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി സംഘടിപ്പിക്കപ്പെട്ട, കേരളത്തിൽ വികസിപ്പിച്ചെടുത്ത ബദൽ സംവിധാനമാണ്  ഇ ജേണൽ കൺസോർഷ്യം. നിംബസ്, സേവിയർ തുടങ്ങിയ അന്തർദേശീയ സ്വീകാര്യതയുള്ള ഏജൻസികളുടെ സഹായത്തോടുകൂടിയാണ് റീജണൽ കൺസോർഷ്യം പ്രവർത്തിക്കുന്നത് എന്നുള്ളത്  അഭിമാനകരമാണ്.

വലിയ വൈജ്ഞാനിക വിസ്‌ഫോടനത്തിന്റെ യുഗമെന്ന നിലയിൽ  ഒരോ വൈജ്ഞാനിക ശാഖയിലും ഉണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കുകയെന്നത് ഇന്നത്തെ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അനിവാര്യതയാണ്.  അങ്ങനെ എപ്പോഴും നമ്മുടെ അറിവിനെ കാലാനുസൃതമായി  പരിഷ്‌കരിച്ചു കൊണ്ട് മുന്നോട്ടു പോകണം   നമ്മുടെ സർവകലാശാലകളിലും കലാലയങ്ങളിലുമുള്ള അക്കാദമിക സമൂഹത്തെ  ഏറ്റവും പുതിയ കാലത്തിന് അനുസൃതമായ രീതിയിൽ സജ്ജമാക്കുക  എന്നുള്ള വലിയ ഉത്തരവാദിത്തം നമുക്കുണ്ട്. ഓൾ ഇന്ത്യ ഹയർ എജുക്കേഷൻ സർവ്വേ അടിസ്ഥാനത്തിൽ സാമൂഹിക നീതിയിലും തുല്യതയിലുമടക്കം വളരെ മുന്നിലാണ്. എന്നാൽ ഗവേഷക മേഖലയിലടക്കം ഇനി കൂടുതൽ മുന്നോട്ടു പോകേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി ഇൻറർ യൂണിവേഴ്‌സിറ്റി, ഇൻറർ ഡിസിപ്ലിനറി സെൻറർ എന്ന നിലയിൽ മികവിന്റെ കേന്ദ്രങ്ങൾ ഗവേഷണ മേഖലയിൽ ഉണ്ടാകണമെന്ന് സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. അതിന്റെ പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുകയണ്. ഇ ജേണൽ കൺസോർഷ്യം ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമിൽ ആക്‌സസ് ലഭിക്കുന്നവരുടെ എണ്ണം വർധിപ്പിക്കാനുള്ള പരിശ്രമം ലൈബ്രറിയന്മാരുടെ ഭാഗത്തുനിന്നും   സർവകലാശാല മേധാവികളുടെ ഭാഗത്തുനിന്നും ഉണ്ടാകണം.

ആളുകൾ വായിക്കുകയും അവരുടെ വൈജ്ഞാനിക ജീവിതത്തിൽ പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഇ ജേണൽ കൺസോർഷ്യം എന്ന ആശയം അർത്ഥപൂർണമാകുന്നത്. ഇതിനാവശ്യമായ നിർദേശങ്ങൾ രൂപീകരിച്ച് ഉന്നതവിദ്യാഭ്യാസ കൗൺസിലിന് സമർപ്പിക്കാൻ ശിൽപ്പശാലക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, എൽസേവിയർ റീജിയണൽ ഡയറക്ടർ നിതിൻ റാവത്ത്, ജി ഐ എസ് ടി അസോസിയേറ്റ് ഡയറക്ടർ കെ കാർത്തികേയൻ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ റിസർച്ച് ഓഫീസർ ടിഞ്ചു പി ജയിംസ് എന്നിവർ സംബന്ധിച്ചു.